ന്യൂഡൽഹി: പുതു തലമുറയ്ക്ക് ആത്മ വിശ്വാസം നൽകുന്ന സേവനങ്ങൾ കാഴ്ചവച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ശ്രേഷ്ഠ ഭാരതത്തെ കുറിച്ച് സ്വപ്നം കാണാൻ പൗരന്മാർക്ക് ധൈര്യം നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത ചുവടു വയ്പ്പുകൾ ഈ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ളതിലേക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ആസ്ഥാനത്ത് നടന്ന കൺവെൻഷൻ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റ നാൾ മുതൽ രാജ്യത്തിന്റെ വികസനത്തിനായാണ് പ്രവർത്തിച്ചത്. ഇന്ത്യയിലെ ഓരോ പൗരന്മാർക്കും ശ്രേഷ്ഠ ഭാരതം എന്ന സ്വപ്നം കാണാനുള്ള ധൈര്യം അദ്ദേഹം പകർന്നു നൽകി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി തന്നെ അധികാരത്തിലെത്തും. 2047-ഓടെ വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കും.”- അമിത് ഷാ അറിയിച്ചു.
രാജ്യത്തെ 140 കോടിയിലധികം ജനങ്ങൾക്കാണ് പ്രധാനമന്ത്രി ധൈര്യം പകരുന്നത്. അമൃത് കാലത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും വരും വർഷങ്ങളിലും രാജ്യത്തെ വികസനങ്ങൾ ലോകം ഉറ്റു നോക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കോടിക്കണക്കിന് ജനങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങൾക്ക് അർഹരാകുന്നത്. ഓരോ ഗുണഭോക്താവിലേക്കും ആനുകൂല്യങ്ങൾ എത്തിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. ജനങ്ങളുടെ ക്ഷേമമാണ് മോദി സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.