ലക്നൗ: ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കാശിയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘ഭാരതത്തിന്റെ അമൃത്കാലിൽ എല്ലാവരും ചേർന്ന് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകണം. ഞങ്ങൾ വെറും നിമിത്തം മാത്രമാണ്. മഹാദേവന്റെ അനുഗ്രഹത്താലാണ് പത്ത് വർഷത്തിനുള്ളിൽ കാശിയുടെ എല്ലാ ഭാഗങ്ങളിലും വികസനമെത്തിക്കാൻ സർക്കാരിന് സാധിച്ചത്. മഹാദേവന്റെ അനുഗ്രഹമുള്ളയിടം സമൃദ്ധമായി മാറും.
വികസനത്തിന്റെയും പാരമ്പര്യത്തിന്റെയും മാതൃകയാണ് കാശിയിൽ ഇന്ന് കാണുന്നത്. ഭാരതത്തിന്റെ പൈതൃകത്തെ കുറിച്ച് ലോകമെമ്പാടുമുള്ളവർ ചർച്ചാ ചെയ്യുന്നു. കാശിയുടെ പുതിയ രൂപം ഭാരതത്തിന്റെ അഭുമാനമാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വികസിത രാഷ്ട്രമാകും’- പ്രധാനമന്ത്രി പറഞ്ഞു.
വാരാണസിയിൽ നടന്ന സൻസദ് സംസ്കൃത മത്സരത്തിലെ വിജയികൾക്ക് പ്രധാനമന്ത്രി സമ്മാനങ്ങൾ നൽകി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരിയും ചേർന്നാണ് പ്രധാനമന്ത്രിയെ സർവ്വകലാശാലയിലേക്ക് സ്വാഗതം ചെയ്തത്. സന്ത് ഗുരു രവിദാസിന്റെ 647-ാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്മാരകത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചു. തുടർന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.