കൊച്ചി: ചരിത്ര പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ഇന്ന്. പുലർച്ചെ ഓണക്കുറ്റിച്ചിറയിൽ ആറാട്ടും ഇറക്കിപ്പൂജയും നടത്തിയതോടെ മകം ചടങ്ങുകൾക്ക് തുടക്കമായി. ശേഷം ആറാട്ടുകടവിൽ പറകൾ സ്വീകരിച്ചശേഷം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. തുടർന്ന് ഏഴ് ആനകൾ അണിനിരക്കുന്ന മകം എഴുന്നള്ളിപ്പ്. ചോറ്റാനിക്കര മുരളീധരമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം നടക്കും.
ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മകം ദർശനത്തിനായി നട തുറക്കുക. ഉച്ചയ്‌ക്ക് ഒന്ന് മുതൽ മൂന്നുവരെ സ്പെഷ്യൽ നാദസ്വരം. രാത്രി 10.30 വരെ ഭക്തർക്ക് മകം തൊഴാൻ സമയം ക്രമീകരിച്ചിട്ടുണ്ട്. രാത്രി 11-ന് മങ്ങാട്ട് മനയിലേക്ക് പുറപ്പാട്ട് ഇറക്കി പൂജയ്‌ക്ക് ശേഷം തിരികെ ക്ഷേത്രത്തിലേക്ക്. തുടർന്ന് മകം വിളക്കിനെഴുന്നളളിപ്പ്.
എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസമാണ് കുംഭത്തിലെ മകം. ഈ നാളിൽ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥി ക്കുന്ന ഭക്തരുടെ മേൽ ദേവി അനുഗ്രഹ വർഷം ചൊരിയുമെന്നാണ് വിശ്വാസം. ഒന്നര ലക്ഷത്തിലധികം ഭക്തർ ഇത്തവണ മകം ദർശിക്കാനെത്തുമെന്നാണ് വിലയിരുത്തൽ. ക്ഷേത്രത്തിലെത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
ഉത്സവത്തോട് അനുബന്ധിച്ച് 25-നാണ് പൂരം. 26-ന് ഉത്രം ആറാട്ടും നടക്കും. 27-ന് രാത്രി കീഴ്‌ക്കാവിൽ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉത്സവത്തിന് കൊടിയിറങ്ങും.















