ആലപ്പുഴ: തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. ആലപ്പുഴ ആറാട്ടുവഴിയിലാണ് തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി എഎസ് കനാലിൻ്റ പടിഞ്ഞാറേക്കരയിലാണ് നായക്കൂട്ടത്തെ ചത്തനിലയിൽ കണ്ടെത്തിയത്.
നായ്ക്കുട്ടികളടക്കം പത്ത് തെരുവ് നായ്ക്കളും വീടുകളിൽ വളർത്തിയ രണ്ട് നായകളുമാണ് ചത്തത്. ഈ പ്രദേശത്ത് 27-ഓളം തെരുവുനായകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് നായ്ക്കളുടെ മൃതദേഹം കിടന്നിരുന്നത്.
കഴിഞ്ഞ ദിവസം പ്രദേശത്ത് താമസിക്കുന്ന രണ്ട് പേരെ തെരുവുനായകൾ ആക്രമിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തിൽ നായകളെ വിഷം കൊടുത്ത് കൊന്നതാണെന്നും സംശയമുണ്ട്. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.