കവരത്തി: സമുദ്രസുരക്ഷയിൽ കരുത്തുറ്റ മുന്നേറ്റവുമായി ഭാരതീയ നാവികസേന. ലക്ഷദ്വീപിലെ മിനിക്കോയിൽ നാവികസേന പുതിയ ബേസ് ക്യാമ്പ് കമ്മീഷൻ ചെയ്യും. ഐഎൻഎസ് ജടായു അടുത്തയാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കമ്മീഷൻ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും നേരിടുന്ന വെല്ലുവിളികളെ നേരിടാനായി ലക്ഷദ്വീപ് കേന്ദ്രീകരിച്ച് മിനിക്കോയി ദ്വീപുകളിലാകും ബേസ് പ്രവർത്തിക്കുക. ബേസ് ആയി തുടങ്ങി ഭാവിയിൽ നാവിക താവളമാക്കി മാറ്റുകയാണ് നാവികസേനയുടെ ലക്ഷ്യം.
ഇന്തോ-പസഫിക് മേഖലയിൽ സമുദ്ര ശേഷി വർദ്ധിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്. കടൽക്കൊള്ളയ്ക്കെതിരെ പോരാടുന്നതിനും സുപ്രധാന കടൽ പാതകൾ സംരക്ഷിക്കുന്നതിനും പുതിയ നാവിക സൗകര്യങ്ങൾ സഹായിക്കും. സമുദ്രസുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താനും നാവികസേന ബേസ് സഹായിക്കുമെന്നാണ് അനുമാനം.