കൊല്ലം: ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ഗോപി. കൊല്ലം കൊല്ലൂർവിള ഭരണിക്കാവ് ദേവീ ക്ഷേത്രത്തിലാണ് സുരേഷ് ഗോപി ദർശനം നടത്തിയത്. തൃശൂർ മണ്ഡലത്തിലാണ് സുരേഷ് ഗോപി മത്സരിക്കുന്നത്. മത്സരിക്കാനായതിൽ സന്തോഷമെന്ന് ദർശനത്തിന് ശേഷം സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ സുരേഷ് ഗോപി ദർശനം നടത്തിയിരുന്നു. തൃശൂരിൽ ആര് നിൽക്കണമെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും ആര് നിന്നാലും താൻ തൃശൂരിൽ തന്നെ ഉണ്ടായിരിക്കുമെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഇന്ന് വൈകിട്ട് ആറരയോടെയാണ് ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയാണ് ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്. 195 മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അദ്ധ്യക്ഷൻ ജെ.പി, നദ്ദ. ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ആദ്യഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.