എറണാകുളം: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ചോദ്യം ചെയ്യലിന് വരുമ്പോൾ ഹാജരാക്കണമെന്നും ഇഡി ആവശ്യപ്പെട്ടു. മസാല ബോണ്ടിൽ കിഫ്ബി ഫെമ നിയമം ലംഘിച്ചെന്നും ആർബിഐ അനുമതി വാങ്ങിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി കിഫ്ബിക്ക് എതിരെ അന്വേഷണം തുടങ്ങിയത്.
എന്നാൽ ഇഡി തന്നെ വേട്ടയാടുകയാണെന്നും തുടർച്ചയായി അന്വേഷണത്തിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയക്കുകയാണെന്നും രേഖകൾ ആവശ്യപ്പെടുന്നുവെന്നുമാണ് തോമസ് ഐസക്കിന്റെ വാദം. ഇതിനെതിരെ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യപ്പെട്ട വിവരങ്ങൾ കിഫ്ബി നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിട്ടുള്ളത്.