ബെംഗളൂരു: ഇന്ത്യൻ റെയിൽവേയുടെ സ്വപന പദ്ധതികളിലൊന്നാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ. ഭാവിയില വന്ദേ ഭാരത് ട്രെയിനുകളുടെ രൂപഘടന പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കാർബോഡി ഘടനയാണ് പുറത്തിറക്കിയത്. വാതിലുകൾ, ജനലുകൾ, ബോഡി ഷെൽ, ഹെഡ്‌ലൈറ്റ്, തുടങ്ങിയ ഭാഗങ്ങൾ ഉൾപ്പെടുന്ന ഭാരം വഹിക്കുന്ന ഘടനയാണ് കാർബോഡി.
ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ (ബിഇഎംഎൽ) കീഴിൽ വന്ദേ ഭാരത് സ്ലീപ്പർ മെച്ചപ്പെട്ട യാത്ര സൗകര്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. വരുന്ന മാസങ്ങൾ കൊണ്ട് വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ദീർഘദൂരയാത്രകളെ ലക്ഷ്യം വച്ചുള്ളതാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ. രാത്രികാല സർവീസ് നടത്തുന്ന ഇവ രാജധാനി എക്സ്പ്രസിനേക്കാളും വേഗതയിലാകും സഞ്ചരിക്കുക. ട്രെയിൻ ഗതാഗത രംഗത്തെ പുത്തൻ നാഴികല്ലാകും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളെന്ന് ബഇഎംഎൽ സിഎംഡി ശാന്തനു റോയ് പറഞ്ഞു.
10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സെറ്റുകൾ നിർമ്മിക്കാനാണ് പദ്ധതിയിടുന്നതെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ തിരക്കേറിയ റൂട്ടിലാകും ഇവ സർവീസ് നടത്തുക. അത്യാധുനിക യാത്ര സൗകര്യങ്ങളാണ് ട്രെയിനിൽ സജ്ജമാക്കിയിട്ടുള്ളത്. ദിവ്യാംഗർക്കായി പ്രത്യേക ബെർത്തുകളും ടോയ്ലറ്റുകളുമുണ്ടാകും. സെൻസർ അടിസ്ഥാനമാക്കിയുള്ള വാതിലുകളും മറ്റ് സംവിധാനങ്ങളും വന്ദേ ഭാരത് സ്ലീപ്പറിലുണ്ടാകും.