കോഴിക്കോട്: വാളൂരിലെ തോട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം. അനുവിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായതോടെയാണ് യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്. യുവതി മുങ്ങിമരിച്ചതാണെന്നും ബലപ്രയോഗത്തിന്റെയും ബലാത്സംഗശ്രമത്തിന്റെയും ലക്ഷണങ്ങൾ ദേഹത്തില്ലെന്നുമാണ് കണ്ടെത്തൽ. ഇതോടെയാണ് വെള്ളത്തിൽ വീണ് മുങ്ങിമരിച്ചതല്ലെന്നും, അനു മരിച്ചതിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്.
അനുവിന്റെ മൃതശരീരം കണ്ടെത്തുമ്പോൾ ശരീരത്തിൽ പാതി വസത്രങ്ങളുണ്ടായിരുന്നില്ല, ധരിച്ചിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ കുടുംബം ആവർത്തിക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും യുവതിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച രാവിലെ ഭർത്താവിന്റെ വീട്ടിലേക്ക് പോകാനായി ഇറങ്ങിയ യുവതിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇന്നലെ രാവിലെയോടെയാണ് തോട്ടിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.















