മലപ്പുറം: താനൂർ കമ്പനിപ്പടിയിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം. മംഗളൂരുവിൽ നിന്ന് രാസ വസ്തുക്കളുമായി വന്ന ലോറിയും താനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് ഡ്രൈവർക്കും നിസാര പരിക്കുകളാണ് ഉള്ളത്. ബസ് യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇരു വാഹനങ്ങളും തമ്മിലുണ്ടായ കൂട്ടിയിടിയുടെ ആഘാതത്തിൽ റോഡിന്റെ വശത്തേക്ക് പോയ ബസ് സുരക്ഷാ വേലിയും തകർത്ത് റെയിൽപാളത്തിന് സമീപമാണ് ഇടിച്ച് നിന്നത്. ക്രെയിൻ ഉപയോഗിച്ചാണ് ഇവിടെ നിന്നും ബസ് മാറ്റിയത്.