തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുലിന്റെ വിദ്വേഷ പരാമർശത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് നേതാക്കൾ ഒന്നുകിൽ പച്ചക്കള്ളങ്ങൾ പറയുന്നു, അല്ലെങ്കിൽ അവർ ഹിന്ദു വിശ്വാസത്തെ അവഹേളിക്കുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. തിരുവനന്തപുരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോൺഗ്രസ് നേതാക്കൾ എല്ലായ്പ്പോഴും സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന കാര്യങ്ങളാണ് സംസാരിക്കുന്നത്. രാഷ്ട്രീയത്തിൽ രാഹുലിന്റെ പെരുമാറ്റവും പ്രവൃത്തികളും സംശയം ജനിപ്പിക്കുന്നു’. 2014-ലും 19-ലും നടന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിന് മറുപടി നൽകിയിട്ടുണ്ട്’- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാഹുലിന്റെ ‘ശക്തി’ പരാമർശം വിവാദമായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നിരവധി പേർ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇൻഡി സഖ്യം നാരീശക്തിയ്ക്കെതിരെ പ്രവർത്തിക്കുന്നവരാണെന്നും രാജ്യത്തോടുള്ള വിദ്വേഷമാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം ‘ശക്തി’ എന്നത് ഭാരതമാതാവും രാജ്യത്തെ എല്ലാ സ്ത്രീകളുമാണെന്നും അദ്ദേഹം വ്യക്തമാക്കി.