ഇടുക്കി: അടിമാലി മാങ്കുളം ആനക്കുളത്തിനു സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് ഒരു വയസുകാരി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നും വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് വൈകിട്ട് 5 മണിക്കായിരുന്നു സംഭവം. 30 അടിയോളം താഴ്ചയിലാണ് വാഹനം പതിച്ചത്. നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർകുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അമിതവേഗതയാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.