ഇടുക്കി: അടിമാലി മാങ്കുളത്ത് ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാലായി. തേനി സ്വദേശി അഭിനേഷ് മൂർത്തിയാണ് മരിച്ചത്. അഭിനേഷിന്റെ ഒരു വയസ് പ്രായമായ മകൻ തൻവിക്സ, തേനി സ്വദേശി ഗുണശേഖരൻ, ഈറോഡ് സ്വദേശി പി.കെ സേതു എന്നിവരാണ് മരിച്ച മറ്റ് മൂന്ന് പേർ.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. അടിമാലി മാങ്കുളത്ത് 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് ട്രാവലർ മറിയുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും എത്തിയ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. മാങ്കുളത്ത് നിന്ന് ആനക്കുളത്തേക്ക് വരുന്ന വഴിയിൽ വളിവിൽ വച്ചായിരുന്നു വാഹനം കൊക്കയിലേക്ക് മറിഞ്ഞത്.
നിയന്ത്രണം വിട്ട ട്രാവലർ റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർകുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. കമ്പനി ജീവനക്കാരും ഇവരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.