ഒരു വീടോ ഫ്ലാറ്റോ ഒക്കെ സ്വന്തമാക്കുന്നതിന് എങ്ങനെയെങ്കിലും പണം കണ്ടെത്താൻ നെട്ടോട്ടം ഓടുന്നവരാണ് അധികവും. പലപ്പോഴും ഉദ്ദേശിച്ചതിനേക്കാൾ വലിയ തുകയും ചിലവാകും. എന്നാൽ തരക്കേടില്ലാത്ത ഒരു വീടും സ്ഥലവും വാങ്ങാനായി ചെലവാക്കുന്ന തുകയ്ക്ക് ഒരു ഗ്രാമം തന്നെ സ്വന്തമാക്കാനായാലോ? അത്തരമൊരു അവസരമാണ് സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ ഒരുങ്ങിയിരിക്കുന്നത്. ഇവിടെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമം മുഴുവൻ ഒന്നര കോടി രൂപയ്ക്ക് ഇപ്പോൾ വാങ്ങാനാകും.
മെട്രോ റിപ്പോർട്ട് അനുസരിച്ച്, ഈ ഗ്രാമത്തിൽ 17 ആഡംബര കെട്ടിടങ്ങൾ ഉണ്ട് . പക്ഷേ അതിൽ ആരും താമസിക്കുന്നില്ല. കാരണം പ്രേതഗ്രാമം എന്നാണ് ഇത് ഇപ്പോൾ അറിയപ്പെടുന്നത് . മതാൻഡ്രിനോ എന്ന പേരിലാണ് ഈ ഗ്രാമം ലോകം അറിയുന്നത് . നേരത്തേ 9 കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു.
ഉപജീവനത്തിനായി ഇവർ കന്നുകാലി വളർത്തലും കൃഷിയും നടത്തിയിരുന്നു . എന്നാൽ കാലക്രമേണ എല്ലാവരും ഗ്രാമം വിട്ട് നഗരത്തിൽ താമസമാക്കി. അതിനാലാണ് ഈ ഗ്രാമത്തെക്കുറിച്ച് കിംവദന്തികൾ പ്രചരിച്ചത്. ഈ ഗ്രാമം പുനരധിവസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവിടുത്തെ ഭരണകൂടം. ഇതാണ് ഈ ഗ്രാമം മുഴുവൻ ഈ നിരക്കിൽ വിൽക്കാൻ കാരണം. അതിനായി പല തരത്തിലുള്ള വികസന പ്രവർത്തനങ്ങളും ഇവിടെ നടത്തിവരുന്നു.
ഗ്രാമത്തിൽ ഇതുവരെ വൈദ്യുതി എത്തിയിട്ടില്ലെങ്കിലും ആരെങ്കിലും വാങ്ങിയാൽ വൈദ്യുതി നൽകാൻ തയ്യാറാണെന്നാണ് അധികൃതരുടെ വാഗ്ദാനം.