ഉണ്ണിമുകുന്ദൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രമായ ജയ്ഗണേഷിന്റെ ആദ്യ വീഡിയോ ഗാനം പുറത്ത്. ആരംഭമായി കഥകൾ… എന്ന് ആരംഭിക്കുന്ന ഗാനം ആലപിച്ചത് കപിൽ കപിലനാണ്. മനുമഞ്ജിത്തിന്റെ വരികൾക്ക് ഈണം പകർന്നത് ശങ്കർ ശർമ്മയാണ്. ഗാനത്തിൽ മഹിമ നമ്പ്യാരും ഉണ്ണി മുകുന്ദനും തമ്മിലുള്ള രംഗങ്ങളാണ് കൂടുതലും.
രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ഒരിടവേളക്ക് ശേഷം ജോമോളും അഭിനയിക്കുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഏപ്രിൽ 11-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജാണ് നിർവ്വഹിക്കുന്നത്.















