കണ്ണൂർ: സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തിലും വർദ്ധന. ഇതിന്റെ ഭാഗമായി രാത്രി വോൾട്ടേജ് കുറയുന്നതായി റിപ്പോർട്ട്. 11 കെ.വി ഫീഡറുകളിൽ
ഇപ്പോൾ ഒൻപത്-10 കെ.വി. മാത്രമേ വോൾട്ടേജ് എത്തുന്നുള്ളു. ഇതോടെ വീടുകളിലെത്തുന്ന സിംഗിൾ ഫേസ് വൈദ്യുതി 190-170 വോൾട്ടായി കുറഞ്ഞു. രാത്രി ലോഡ് മുഴുവൻ ഒന്നിച്ചുവരുമ്പോൾ 11 കെ.വി. ഫീഡറുകൾ (ട്രിപ്പ്) ഓഫ് ആകുന്നു.
സബ്‌സ്റ്റേഷനുകളിലെ ലോഡുകളിലും വൻ വർദ്ധന രേഖപ്പെടുത്തുന്നുണ്ട്. മാർച്ചിലെ കണക്ക് പ്രകാരം 5150 മെഗാവാട്ട് ആണ് വൈകുന്നേരങ്ങളിലെ കൂടിയ ഉപയോഗം. കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ ഉപയോഗത്തെക്കാൾ കൂടുതലാണിത്. ഇപ്പോൾ 3874 മെഗാവാട്ടാണ് പകൽ ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ വൈദ്യുതി ഉപയോഗം 10.3 കോടി യൂണിറ്റായിരുന്നു. ഈ വർഷം മാർച്ച് 13-ന് അത് 10.2 കോടി യൂണിറ്റിലെത്തി. വോൾട്ടേജ് കുറയുമ്പോൾ വൈദ്യുതി ഉപകരണം പ്രവർത്തിപ്പിക്കാൻ കൂടുതൽ സമയമെടുക്കേണ്ടി വരും. ഇത് വൈദ്യുതി ബിൽ തുക കൂടാനും കാരണമാകും.
വൈദ്യുതിലോഡ് (മെഗാവാട്ട്)
വർഷം-മാർച്ച് – ഏപ്രിൽ
(പീക്ക്) (പീക്ക്)
2024 – 5150 – –
2023 – 4494 – 5024
2022 – 4380 – 4225
2021- 4257 – 4251
2020- 4182 – 3787