ലണ്ടൻ: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പുനരുപയോഗ ഊർജം എങ്ങനെ സഹായിക്കുമെന്ന പദ്ധതിയുമായി അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പും, സയൻസ് മ്യൂസിയവും സംയുക്തമായി കൈകോർത്ത് ‘അദാനി ഗ്രീൻ എനർജി ഗാലറിക്ക് ലണ്ടനിൽ തുടക്കം കുറിച്ചു. ഹരിതോർജ വാതകങ്ങളുടെ ഫലപ്രദമായ ഉപയോഗം പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി കുറയ്ക്കുമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. എക്സിലൂടെയാണ് ഗാലറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അദാനി ഗ്രൂപ്പ് പങ്കുവച്ചത്.
” സർ തിമോത്തി ലോറൻസിന്റെയും സർ ഇയാൻ ബ്ലാച്ച്ഫോർഡിന്റെയും നേതൃത്വത്തിലുള്ള സയൻസ് മ്യൂസിയവുമായി കൂടിച്ചേർന്ന് അതിശയകരമായ ഈ ഗാലറി യാർഥാത്ഥ്യമാക്കിയതിലുള്ള സന്തോഷം അദാനി ഗ്രൂപ്പ് പങ്കുവയ്ക്കുന്നു. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം തുടങ്ങി നിരവധി വിഷയങ്ങൾ മനസിലാക്കുന്നതിനും ഹരിതോർജ വാതകങ്ങൾ എപ്രകാരം ഫലപ്രദമായ ഉപയോഗിക്കാമെന്നതും ഈ ഗാലറിയിലൂടെ ജനങ്ങൾക്ക് മനസിലാക്കാം. ഈ ഗാലറി ഒരു സുപ്രധാന പൊതു ഇടമായി പ്രവർത്തിക്കും”- ഗൗതം അദാനി കുറിച്ചു.
2021ലാണ് അദാനി ഗ്രൂപ്പ് ഗ്രീൻ എനർജി ആദ്യമായി പ്രഖ്യാപിച്ചത്. ലണ്ടനിൽ ഇത്തരത്തിൽ ഒരു ഗാലറി തുടക്കം കുറിക്കുമെന്നും ഗാലറി പ്രാവർത്തികമായാൽ ഹരിതോർജ വാതകങ്ങളെ കുറിച്ച് കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ സാധിക്കുമെന്നും അദാനി കുറിച്ചിരുന്നു. കാർബൺ ഡൈ ഓക്സൈഡിന്റെ പുറന്തള്ളൽ കുറച്ചുകൊണ്ടുള്ള സുസ്ഥിര വികസനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.