ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികളെ നിർണയിക്കുന്നത് സംബന്ധിച്ച് കോർ കമ്മിറ്റി യോഗം വിളിച്ചു ചേർത്ത് ബിജെപി. പാർട്ടി ആസ്ഥാനത്താണ് യോഗം ചേർന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, ഒഡീഷയിലെ മുതിർന്ന നേതാവ് വിജയ് പാൽ തോമർ, ഒഡീഷ സംസ്ഥാന അദ്ധ്യക്ഷൻ മൻമോഹൻ സമൽ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, ഒഡീഷ എംപി ജുവൽ ഒറാം, ബിജെപി ദേശീയ വക്താവ് സംബിത് പത്ര എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഇതിനോടകം തന്നെ ബിജെഡി പ്രഖ്യാപിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികാണ് എക്സിലൂടെ പട്ടിക പുറത്തുവിട്ടത്. ഒമ്പത് ലോക്സഭാ സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറാം തവണയും ഹിൻജിലി നിയമസഭാ മണ്ഡലത്തിൽ നിന്നും നവീൻ പട്നായിക് മത്സരിക്കും.
തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഇന്ന് ബിജെഡിയുടെ മുൻ എംപിമാരായ ഭർതൃഹരി മഹ്താബ്, സിദ്ധാന്ത് മൊഹപത്ര, പദ്മശ്രീ ദമയന്തി ബെഷ്റ എന്നിവർ ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ഇവർ ബിജെപിയുടെ അംഗത്വം സ്വീകരിച്ചു.