ന്യൂഡൽഹി: 2023-24 സാമ്പത്തിക വര്‍ഷം റെക്കോഡ് വരുമാനം സ്വന്തമാക്കി ഇന്ത്യൻ റെയിൽവെ. 2.56 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം നേടാനായതെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ 2.40 ലക്ഷം കോടി രൂപയായിരുന്നു മൊത്തം വരുമാനം.
ചരക്കു നീക്കത്തിലും റെക്കോർഡ് നേട്ടം സ്വന്തമാക്കാൻ 2023-24 സാമ്പത്തിക വര്‍ഷത്തിൽ റെയിൽവെയ്‌ക്ക് സാധിച്ചു. 159.1 കോടി ടണ്ണിന്റെ ചരക്കുനീക്കമാണ് നടന്നത്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 151.2 കോടി ടണ്ണായിരുന്നു.
റെയില്‍വെയുടെ വരുമാനത്തിന്റെ മുഖ്യപങ്കും ചരക്കു നീക്കത്തിലൂടെയാണ് സമാഹരിക്കുന്നത്. ചരക്ക് ഇടനാഴിയുടെ വരവോടെയാണ് കൽക്കരി നീക്കത്തിൽ വർദ്ധനവുണ്ടായത്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 787.6 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് റെയില്‍ മാര്‍ഗം കൊണ്ടു പോയത്. 181 മില്യണ്‍ ടണ്‍ ഇരുമ്പയിരും 154 ടണ്‍ സിമന്റും റെയില്‍ മാര്‍ഗം കൊണ്ടുപോയി. ലക്ഷ്യമിട്ടതിലും കൂടുതല്‍ ചരക്കുനീക്കവും വരുമാന വർദ്ധനവിന് കാരണമായതായാണ് വിലയിരുത്തൽ.
അടിസ്ഥാന സൗകര്യ വികസനത്തിന് പ്രഥമ പരിഗണനയാണ് റെയിൽവെ മന്ത്രാലയം നൽകുന്നത്. വൈദ്യുതീകരണം മുതൽ പുതിയ ട്രാക്കുകളുടെ നിര്‍മാണം വരെ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. യാത്രസമയം കുറയ്‌ക്കുന്നത് ലക്ഷ്യമിട്ട് ട്രാക്കുകളുടെ ഇരട്ടിപ്പിക്കലിന് പ്രത്യേക ശ്രദ്ധയാണ് റെയിൽവെ മന്ത്രാലയം നൽകിയത്. 2023-24 ബജറ്റിൽ റെയിൽവെ ട്രാക്കുകളുടെ ഇരട്ടിപ്പിക്കലിന് മാത്രം 30,749 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7,188 കിലോമീറ്ററാണ് വൈദ്യുതീകരണം പൂര്‍ത്തിയാക്കിയത്. 2014 ന് മുൻപ് ഇലക്ട്രിഫിക്കേഷൻ നടത്തിയ ട്രാക്കുകളുടെ ദൈർഘ്യം 21,801 കിലോമീറ്റർ മാത്രമായിരുന്നു. എന്നാൽ കഴിഞ്ഞ 10 വർഷം കൊണ്ട് 38,650 കിലോമീറ്റർ, അതായത് ആകെ ലൈനിന്റെ 90 ശതമാനത്തിലധികമാണ് വൈദ്യുതീകരിച്ചത്. 2014 മുതൽ വൈദ്യുതീകരണത്തിന് മാത്രമായി 46,425 കോടി രൂപയാണ് മന്ത്രാലയം മാറ്റിവെച്ചത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5,300 കിലോമീറ്റര്‍ ട്രാക്കാണ് റെയില്‍ഴെ പണിതീര്‍ത്തത്. 551 സ്റ്റേഷനുകളുടെ ഡിജിറ്റല്‍വല്‍ക്കരണവും പൂര്‍ത്തിയാക്കി.