ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിൽ നിന്ന് രാജി വച്ച് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ്. സനാതന ധർമ്മത്തിനെതിരായി മുദ്രാവാക്യം മുഴക്കാൻ തനിക്ക് കഴിയില്ലെന്നും, ഈ രീതിയിൽ തുടരാനാകില്ലെന്നുമാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ ഗൗരവ് വല്ലഭ് പറയുന്നത്. പാർട്ടി തെറ്റായി സ്വീകരിച്ച ഒന്നിലധികം കാരണങ്ങളും കത്തിൽ എടുത്ത് പറയുന്നുണ്ട്.
യാതൊരു ലക്ഷ്യബോധവുമില്ലാതെയാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നാണ് കത്തിൽ ഗൗരവ് ആരോപിക്കുന്നത്. ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി സ്വീകരിച്ച നിലപാടുകളോടും ഗൗരവ് എതിർപ്പ് അറിയിച്ചിട്ടുണ്ട്. ” ദിശാബോധമില്ലാതെ മുന്നോട്ട് പോകുന്ന പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുന്നു. ഈ രീതിയിൽ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല.
സനാതന ധർമ്മത്തിനെതിരായി മുദ്രാവാക്യങ്ങൾ ഉയർത്താനോ, രാജ്യത്തിനായി വികസനം കൊണ്ടുവരുന്നവരെ തെറ്റായി ചിത്രീകരിക്കാനോ കഴിയില്ല. കോൺഗ്രസ് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വയ്ക്കുകയാണെന്നും” ഗൗരവ് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. 2023ലെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദയ്പൂരിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇവിടെ ബിജെപിയുടെ താരാചന്ദ് ജെയിനിനോട് 32,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗൗരവ് പരാജയപ്പെട്ടത്.