തൃശൂർ: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞടുപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് തൃശൂർ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി. ജനങ്ങളെ വിശ്വാസമുണ്ടെന്നും ഇത്തവണ അവർ മനസറിഞ്ഞ് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കഴിഞ്ഞ കുറെ മാസങ്ങളായി തന്നെ ആത്മവിശ്വാസമുണ്ട്. ജനങ്ങളോട് കൂടുതലായിട്ട് ഒന്നും പറയേണ്ടതില്ല. അവർക്കെല്ലാം അറിയാം. ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മനസറിഞ്ഞ് വോട്ട് ചെയ്യും. അവർക്ക് വേണ്ടിയും അവരുടെ രാജ്യത്തിന് വേണ്ടിയുമാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്. അത് തന്നെയാണ് എന്റെ ആത്മവിശ്വാസവും. ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളെല്ലാം നടത്തി കാണിക്കണം. എന്താണ് ഉത്തരവാദിത്വം എന്നത് നല്ല രീതിയിൽ കാണിച്ചുകൊടുക്കും”.
“കരുവന്നൂർ കേസിൽ ഇഡിയുടെ ജോലിയാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. കൃത്യമായി പാലിക്കേണ്ടവർ അത് പാലിക്കുക തന്നെ ചെയ്യും. കേസിൽ എന്താണെന്ന് ചെയ്യേണ്ടതെന്ന് അവർക്കറിയാം. ഇഡിയുടേത് രാഷ്ട്രീയ ദുരുദ്ദേശം എന്നാണ് സിപിഎം പറയുന്നത്. അവർക്ക് അങ്ങനെയല്ലേ പറയാൻ സാധിക്കുകയുള്ളൂ’ – സുരേഷ് ഗോപി പറഞ്ഞു.