തിരുവനന്തപുരം: യുവാക്കൾക്ക് പാർട്ടിക്കുള്ളിൽ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാൽ രാജിവച്ചു. സംഘടനയ്ക്കു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടും അപമാനവും അവഗണനയും മാത്രമാണ് ലഭിക്കുന്നതെന്നാണ് രാജിക്കത്തിൽ ആരോപിക്കുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് രാജിക്കത്തയച്ച ഷൈൻ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കുമെന്നും അറിയിച്ചു. തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കുന്ന ഷൈൻ ഇന്ന് നാമനിർദ്ദേശ പത്രികയും സമർപ്പിക്കും. ഇതിന് മുന്നോടിയായി കഴിഞ്ഞ ദിവസം കരമനയിൽ സമാന്തര യോഗവും ചേർന്നു. പാർട്ടി നിലപാടുകളിൽ അതൃപ്തിയുള്ള നൂറോളം പ്രവർത്തകർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
ചില പ്രത്യേക ജാതി, മത വിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രമായാണ് ഈ പാർട്ടി നിലകൊള്ളുന്നതെന്നും ഷൈൻലാൽ യോഗത്തിൽ പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുക എന്നുള്ള അടിസ്ഥാന മര്യാദയും കോൺഗ്രസ് പാർട്ടി പാലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ അവഗണനയും അപമാനവും സഹിച്ച് ഈ സംഘടനയിൽ തുടരുക എന്നത് മനുഷ്യസാധ്യമല്ലെന്നും ഷൈൻലാൽ കൂട്ടിച്ചേർത്തു.