2024 സിനിമാ മേഖലയുടെ വർഷമെന്നാണ് സിനിമാ പ്രേമികൾ അഭിപ്രായപ്പെടുന്നത്. വർഷമാദ്യം ഇറങ്ങിയ എല്ലാ ചിത്രങ്ങളും വമ്പൻ ബോക്സോഫീസ് കളക്ഷനാണ് നേടിയത്. ഫെബ്രുവരിയിലിറങ്ങിയ പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങൾ ഹിറ്റ് പട്ടികയിൽ ഒന്നാം സ്ഥാനങ്ങളിലെത്തി. തിയേറ്ററുകളിലെത്തിയ മുതൽ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. അത്തരത്തിൽ വീണ്ടും മലയാളി പ്രേക്ഷകരുടെ ആകാംക്ഷകൾ ഇരട്ടിയാക്കാൻ വരികയാണ് ഒരു വിഷുക്കാലം. വിഷുക്കാലത്ത് പ്രേക്ഷകർക്ക് കൈനീട്ടമായി നിരവധി ചിത്രങ്ങളാണ് തിയേറ്ററുകളിലെത്തുന്നത്.
ജയ്ഗണേഷ്, വർഷങ്ങൾക്ക് ശേഷം, ആവേശം എന്നീ സിനിമകളാണ് തിയേറ്ററുകളിലെത്തുന്നത്. ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ്ഗണേഷ്. ഏപ്രിൽ 11-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. രഞ്ജിത്ത് ശങ്കർ തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് താരമുൾപ്പെടെയുള്ള അണിയറപ്രവർത്തകർ പറയുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രമാണ് വിഷുക്കാലത്തെത്തുന്ന മറ്റൊരു ചിത്രം. യുവതാരനിര അണിനിരക്കുന്ന ചിത്രത്തിനായി കട്ട വെയിറ്റിംഗാണ് മലയാളികൾ. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തിലെത്തുന്നു. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ് എന്നിങ്ങനെ ഒരു വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ നായകനായെത്തുന്ന ചിത്രം ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളുടെ കഥയാണ് പറയുന്നത്. തികച്ചും വ്യത്യസ്ത കഥാപാത്രമായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. മലയാളം സിനിമയെ മറ്റ് ഭാഷകളിലുള്ളവർ പോലും വാനോളം വാഴ്ത്തുന്ന ഈ സമയത്താണ് വിഷു കൈനീട്ടമായുള്ള ചിത്രങ്ങളുടെ വരവ്.