ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം ഇരുരാജ്യങ്ങൾക്ക് മാത്രമല്ല, ലോകത്തിന് തന്നെ പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീർഘകാലമായി നിലനിൽക്കുന്ന അതിർത്തി തർക്കം എത്രയും വേഗത്തിൽ പരിഹരിക്കപ്പെടണമെന്നും നയതന്ത്രബന്ധം സാധാരണ നിലയിൽ ആകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിലൂടെ ഉഭയകക്ഷി ബന്ധത്തിലുണ്ടായ പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കും. നയതന്ത്രതലത്തിലും സൈനിക തലത്തിലും ക്രിയാത്മകമായ ചർച്ചകൾ നടത്തി അതിർത്തികളിൽ സമാധാനം പുനഃസ്ഥാപിക്കാനും നിലനിർത്താനും കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു. യുഎസ് മാഗസിനായ ന്യൂസ് വീക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജനാധിപത്യ രാജ്യമെന്ന നിലയിലും ആഗോള സാമ്പത്തിക വളർച്ചയുള്ള രാജ്യമെന്ന നിലയിലും ലോകം ഇന്ന് ഇന്ത്യയെ തിരഞ്ഞെടുക്കുന്നു. ചൈനയിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്ന കമ്പനികളെ ആകർഷിക്കുന്ന വിധത്തിൽ ഇന്ന് ഭാരതം മാറിയെന്നും നരേന്ദ്ര മോദി പറഞ്ഞു.