കൊല്ലം: ക്ഷേത്രത്തിനടുത്ത നിരോധിത മേഖലയിൽ നിന്ന് മത്സ്യങ്ങളെ പിടികൂടി കൊന്ന് കറിവച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കുളത്തുപ്പുഴ ബാലകധർമ ശാസ്താ ക്ഷേത്രത്തിലെ ‘തിരുമക്കൾ’ എന്നറിയപ്പെടുന്ന മത്സ്യങ്ങളെ പിടികൂടിയ ഇതര സംസ്ഥാനക്കാരായ സാഫിൽ, ബസറി, 17-കാരൻ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂവർസംഘം നിരോധിത മേഖലയിൽ നിന്നും മീനുകളെ പിടിക്കാറുണ്ടായിരുന്നു. ഇത് കണ്ട നാട്ടുകാരിൽ ചിലർ മീൻ പിടിക്കാൻ പാടില്ലന്ന മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചാണ് പ്രതികൾ തിരുമക്കളെ പിടികൂടി കറി വച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ക്ഷേത്രം ഉപദേശക സമിതിയാണ് പൊലീസിൽ പരാതിപ്പെട്ടത്.
ക്ഷേത്രത്തിലെ തിരുമക്കൾ മീനുകൾ വിശ്വപ്രസിദ്ധമാണ്. തിരുമക്കളെ കാണുന്നതിനും മീനൂട്ട് വഴിപാട് നടത്തുന്നതിനുമായി നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്.