തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് നടി ശോഭന. കേരളത്തിന് എല്ലാ നേട്ടങ്ങളും ലഭിക്കാൻ എൻഡിഎ സ്ഥാനാർത്ഥികൾ പാർലമെന്റിൽ എത്തേണ്ടതുണ്ടെന്ന് ശോഭന പറഞ്ഞു. കാട്ടക്കടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കേരള ജനത മികച്ച വിദ്യാഭ്യാസമുള്ളവരാണ്. എന്നിട്ടും വർഷങ്ങളായി ഇവിടത്തെ യുവജനങ്ങൾ ജോലി തേടി വിദേശത്ത് പോകുകയാണ്. കേരളത്തിൽ ബ്രെയിൻ ഡ്രെയിനിങാണ് ( മസ്തിഷ്ക ചോർച്ച) നടക്കുന്നത്. അവർ വിദേശത്ത് നിന്ന് അയക്കുന്ന
പണം കൊണ്ടാണ് കേരളം മുന്നോട്ട് പോകുന്നത്. ഒരു കേരളീയൻ എന്ന നിലയിൽ കേരളത്തിന് എല്ലാം നേട്ടങ്ങളും ലഭിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ശോഭന കൂട്ടിച്ചേർത്തു.
അസാധ്യമാമെന്ന് കരുതിയ പലതും മോദി സർക്കാർ നടപ്പിലാക്കി കാണിച്ചതായി ശോഭന ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമാക്കി നിരവധി കാര്യങ്ങളാണ് ബിജെപി പ്രകടനപത്രിയയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തീരപ്രദേശത്തെ കടൽഭിത്തി നിർമാണം, നെയ്യാറ്റിൻകര ഐടി പാർക്ക് എന്നിവ അതിൽ ചിലത് മാത്രമാണ്. മോദിയുടെ വികസന സങ്കൽപ്പം യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്ന മികച്ച സ്ഥാനാർത്ഥികളെയാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്നും സംസ്ഥാനത്ത് മാറ്റം കൊണ്ടുവരാൻ ജനങ്ങൾ ഉചിതമായ തീരുമാനം എടുക്കണമെന്നും ശോഭന പറഞ്ഞു.