പത്തനംതിട്ട: വിവാഹ വേദിയിൽ വരൻ മദ്യപിച്ചെത്തിയതിനെ തുടർന്ന് വിവാഹം മുടങ്ങി. പത്തനംതിട്ട കോഴഞ്ചേരിക്ക് സമീപം തടിയൂരിലാണ് സംഭവം. മദ്യലഹരിയിൽ പളളിയിലെത്തിയ വരൻ വിവാഹം നടത്താനെത്തിയ പുരോഹിതരോട് പോലും മോശമായി പെരുമാറിയെന്നാണ് വധുവിന്റെ ബന്ധുക്കൾ പറയുന്നത്.
കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ വരന്റെ വരവിൽ പന്തികേട് തോന്നിയിരുന്നു. പ്രവാസിയായ ഇയാൾ വിവാഹത്തിനായി നാട്ടിലെത്തിയതാണ്. വധുവിന്റെ ബന്ധുക്കളോടും ഇയാൾ മോശമായി പെരുമാറി. ഇതോടെ വിവാഹം വേണ്ടെന്ന തീരുമാനത്തിൽ വധു എത്തുകയായിരുന്നു. പിന്നീട് പൊലീസിനെ വിളിച്ചു.
വേദിയിലെത്തിയ പൊലീസിനോടും വരൻ ആദ്യം മോശമായിട്ടാണ് സംസാരിച്ചത്. വൈദ്യ പരിശോധന നടത്തിയപ്പോഴും മദ്യപിച്ചതായി തെളിഞ്ഞു. തുടർന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് കേസെടുത്തു.
പ്രശ്‌നം ഒത്തുതീർപ്പാക്കാൻ 6 ലക്ഷം രൂപ നഷ്ടപരിഹാരമായി വേണമെന്ന വധുവിന്റെ കുടുംബത്തിന്റെ ആവശ്യം വരനും ബന്ധുക്കളും ഒടുവിൽ അംഗീകരിച്ചു. ഇതോടെയാണ് അന്തരീക്ഷം തണുത്തത്.















