എറണാകുളം: ദുബായിലെ മോശം കാലാവസ്ഥയെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശേരിയിൽ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങളാണ് റദ്ദാക്കിയത്. ശക്തമായ മഴയെ തുടർന്ന് ദുബായിലെ ടെർമിനലിൽ തടസങ്ങളുണ്ടായതോടെയാണ് വിമാന സർവീസുകൾ നിർത്തിവച്ചത്.
യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിലവിലെ സാഹചര്യമനുസരിച്ച് അജ്മാൻ, റാസൽ, ഖൈമ, ഷാർജ എന്നിവിടങ്ങളിൽ നേരിയ മഴയാണ് ലഭിക്കുന്നത്. ഒമാനിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെയുള്ള മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായിൽ നിന്ന് പുറപ്പെടാനിരുന്ന ഒമ്പത് വിമാനങ്ങളും ദുബായിലേക്ക് വരാനിരുന്ന എട്ട് വിമാന സർവീസുകളും റദ്ദാക്കി. ദുബായിലേക്ക് വരുന്ന മുഴുവൻ വിമാനങ്ങളും കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ സമീപ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുമെന്ന് അധികൃതർ ഇന്നലെ അറിയിച്ചിരുന്നു.
പലയിടങ്ങളിലും റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. റോഡുകളിൽ വെളളം നിറഞ്ഞ സാഹചര്യത്തിൽ ദുബായ് മെട്രോ ഇന്ന് രാവിലെ മൂന്ന് മണി വരെ സർവീസ് നടത്തും.