തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്ന് പണം കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. ചാഴൂർ സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്. 11,800 രൂപയായിരുന്നു ഇയാൾ മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ഗണപതി ക്ഷേത്രത്തിന് മുന്നിൽ വച്ചിരുന്ന ഉരുളിയിൽ നിന്ന് ഇയാൾ പണം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥർ പൊലീസിൽ വിവരം അറിയക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ സന്തോഷിനെ പിടികൂടുകയും ചെയ്തു.
18 ഓളം മോഷണ കേസുകളിലെ പ്രതിയാണിയാളെന്നും മലപ്പുറം, തൃശൂർ, കോഴിക്കോട് സ്റ്റേഷനുകളിൽ വിവിധ വകുപ്പുകളിലായി നിരവധി കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ചാവക്കാട് കോടതിയിൽ പ്രതിയെ ഹാജരാക്കി റിമാൻഡ് ചെയ്തു.