ന്യൂഡൽഹി: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. പ്രമുഖ പത്രങ്ങളിലൂടെ എത്തുന്ന തെറ്റായതും അപകീർത്തികരവുമായ പരസ്യങ്ങൾക്കെതിരെയാണ് ബിജെപി പരാതി നൽകിയത്.
തെരഞ്ഞെടുപ്പിന് രണ്ട് ദിവസം നിലനിൽക്കെയാണ് പ്രധാന പത്രങ്ങളുടെ ആദ്യ പേജിൽ തീർത്തും തെറ്റായതും അപകീർത്തികരവുമായ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത്. കേന്ദ്രസർക്കാർ കർണാടകയെ വഞ്ചിച്ചെന്ന് വരുത്തി തീർക്കാനായി ചമ്പു എന്ന തലക്കെട്ടോടെയാണ് പരസ്യം പുറത്തുവിട്ടിരിക്കുന്നത്. ചില പ്രമുഖ പത്രങ്ങളിൽ വന്ന അപകീർത്തിപരമായ പരസ്യങ്ങളും പരാതിക്കൊപ്പം ചേർത്തിരുന്നു.
തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനായുള്ള പ്രവർത്തനങ്ങളാണ് കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. പത്രങ്ങളുടെ മുൻ പേജുകളിൽ തെറ്റായ പരസ്യം പ്രചരിപ്പിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസ് പുറത്തുവിട്ട പരസ്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരാതിയിൽ പറയുന്നു.
അതേസമയം കർണാടകയിലെ 28 സീറ്റുകളിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 26, മെയ് 7 തീയതികളിലായാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 4ന് വോട്ടെണ്ണൽ നടക്കും.