വാര, മാസ, ഫലങ്ങൾ കണക്കാക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഈ പ്രവചനം ഒരു സാമാന്യ സൂചന മാത്രമാണെന്ന് ഓർക്കുക. ജനന സമയം, സ്ഥലം, അങ്ങനെ പലതിനെയും അടിസ്ഥാനപ്പെടുത്തി ഓരോ വ്യക്തിയുടെയും ജന്മകാല ഗ്രഹനില, യോഗങ്ങൾ, ദശാപഹാരങ്ങൾ എന്നിവ വ്യത്യസ്തമായിരിക്കും. അതിനാൽ, ഈ പൊതു പ്രവചനം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നില്ല. ജന്മഗ്രഹനില അനുസരിച്ച് കൂടുതൽ കൃത്യമായ ജാതക വിശകലനത്തിലൂടെ, നിങ്ങളുടെ ജീവിതത്തിലെ നല്ല സമയങ്ങളും മോശം സമയങ്ങളും നിർണ്ണയിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും സാധിക്കും. നല്ല സമയത്തിന്റെ ഗുണഫലങ്ങൾ മികച്ച രീതിയിൽ തന്നെ അനുഭവവേദ്യമാക്കാനും മോശം സമയം അതിജീവിക്കാനും ജാതക നിരൂപണം നടത്തുകയും ദശാനാഥനെ, ഗ്രഹങ്ങളെ ഒക്കെ പ്രീതിപ്പെടുത്തുകയും ചെയ്യാം. പൊതു പരിഹാരങ്ങൾ നടത്തുന്നതിനേക്കാൾ അവരവരുടെ ജാതക നിർണയം നടത്തി രാശിക്ക് അനുസരിച്ചു പരിഹാരങ്ങൾ നടത്തുന്നതായിരിക്കും ഉചിതം.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
ഈ വാരം ധാരാളം സന്തോഷവും നേട്ടങ്ങളും നൽകുന്നതായിരിക്കും. ധനപരമായ കാര്യങ്ങളിൽ വലിയ മാറ്റങ്ങൾ അനുഭവപ്പെടും. വളരെക്കാലമായി ഉണ്ടായിരുന്ന സാമ്പത്തീക ഞെരുക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്തുവാൻ സാധിക്കും. ചെലവുകൾ നിയന്ത്രിക്കാൻ കഴിയുകയും, വരുമാനത്തിന്റെ പുതിയ വഴികൾ തേടുകയും ചെയ്യുക. നീണ്ടകാലം ബുദ്ധിമുട്ടിച്ചിരുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കാണാൻ ഈ വാരം സഹായിക്കും. ശാരീരികമായ പ്രശ്നങ്ങൾ കുറയുകയും, ആരോഗ്യമുള്ള ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്യും. കൃഷിയിൽ ബിസിനെസ്സ് ചെയ്യുന്നവർക്ക് ഈ വാരം മികച്ച ഫലങ്ങൾ ലഭിക്കും. അവര്‍ നേടിയെടുക്കുന്ന ഉത്പാദനത്തിൽ ഗുണമേന്മയും, വളർച്ചയും പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം, കൃഷി സംബന്ധിയായ പുതിയ അവസരങ്ങളും മുന്നിലെത്തും. കാലാകാരന്മാർക്കും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്കും ഈ വാരം ശ്രേഷ്ഠമായ ഒരു കാലഘട്ടമാകും. അവർക്ക് പുതിയ അവസരങ്ങൾ, അംഗീകാരം, പേര്, പ്രശസ്തി എന്നിവ നേടാനാകും. പ്രദർശനങ്ങൾ, പബ്ലിക്കേഷൻസ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ നിന്നും മികച്ച പ്രതികരണങ്ങൾ ലഭിക്കും. കലാകാരന്മാർക്ക് സാമ്പത്തികമായ നേട്ടങ്ങളും ഉണ്ടാകും. നറുക്കെടുപ്പ്, ലോട്ടറി എന്നിവയിൽ വിജയം സുനിശ്ചിതമായിരിക്കും. ഈ മേഖലയിലുള്ളവർക്കും, താൽപ്പര്യമുള്ളവർക്കും ഭാഗ്യത്തിന്റെ കടാക്ഷം ഉണ്ടാകും. നറുക്കെടുപ്പുകളിലും, ലോട്ടറികളിലും പങ്കെടുത്ത് ഭാഗ്യം പരീക്ഷിക്കാം. ഈ വാരം സമഗ്രമായ പുരോഗതിയും, നേട്ടങ്ങളും നൽകുന്ന കാലം ആയിരിക്കും. ഉത്രം നക്ഷത്രക്കാർ തിങ്കളാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്. അത്തം, ചിത്തിര, നക്ഷത്രക്കാർ യഥാക്രമം ഞായറാഴ്ച, തിങ്കളാഴ്ച ദിനത്തിൽ തങ്ങളുടെ പക്കപ്പിറന്നാൾ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
ഈ ആഴ്‌ചയിൽ വരവിനെക്കാൾ ചെലവ് കൂടുന്ന ഒരു കാലഘട്ടമാണ്, അമിതമായ ആഡംബരത്തിൽ ഏർപ്പെടാനുള്ള സാധ്യത കുറയ്‌ക്കുന്നത് ബുദ്ധിയായിരിക്കും. ധാരാളം ചെലവുകള്‍ വരികയും സാമ്പത്തിക ഭാരം അനുഭവപ്പെടുകയും ചെയ്യുന്ന വേളയാണ്. ദീർഘകാലമായി കൊതിച്ചിരുന്ന വിദേശയാത്ര യാഥാർത്ഥ്യമാകാൻപോകുന്നു. ആരോഗ്യസംബന്ധമായ ചില പ്രശ്നങ്ങൾ മൂലം ആഴ്ചയുടെ തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ ഇടയുണ്ട്. ചെറിയ പനി, തളർച്ച, അല്ലെങ്കിൽ അസ്വസ്ഥതകൾക്കും സാധ്യതയുണ്ട്. എന്നാൽ, ഭയപ്പെടേണ്ട ആവശ്യമില്ല, കാരണം വാരം മധ്യത്തോടുകൂടി ആരോഗ്യത്തിൽ വളരെ വലിയ പുരോഗതി കാണാനാകും. ജോലിയിലെ തടസ്സങ്ങൾ, കുറച്ചു കാലമായി നീണ്ടു നിന്നിരുന്ന മടുപ്പും, ഒഴിവാകാൻ പോകുന്നു. പുതിയ അവസരങ്ങൾ വഴി കൂടുതൽ ധനം സമ്പാദിക്കാനുള്ള സാധ്യതകളും വളരെയേറെ കൂടുതലാണ്. മുൻപ് ചെയ്ത കഠിനാദ്ധ്വാനത്തിനും സമർപ്പണത്തിനും ഈ സമയത്ത് ഫലപ്രാപ്തി കാണാൻ കഴിയും. ഒരു സംരംഭം തുടങ്ങുന്നതോ, നിലവിലുള്ള ജോലിയിൽ പ്രമോഷൻ ലഭിക്കുന്നതോ പോലുള്ള നന്മകൾ സംഭവിക്കാം. ബുധനും ശുക്രനും സാമ്പത്തിക ഭാഗ്യം വർദ്ധിപ്പിക്കുന്നു, ഗുരു വിദേശ യാത്രാ സ്വപ്നങ്ങൾക്ക് ശക്തി പകരുന്നു എന്നാൽ ചൊവ്വ ആരോഗ്യത്തിന്റെ കാര്യത്തിൽ കുറച്ച് വെല്ലുവിളികൾ ഉയർത്തുന്നു എങ്കിലും ആഴ്ചമദ്ധ്യത്തോടെ അതും മാറുന്നു. ഈ ആഴ്ചയിൽ ആരോഗ്യത്തിലും കാര്യമായ മാറ്റങ്ങൾ കാണാൻ സാധിക്കും. പുതിയ ആളുകളെ കണ്ടുമുട്ടാനുള്ള അവസരങ്ങൾ ലഭിക്കും, അവർ നിങ്ങളുടെ ഭാവിയെ സ്വാധീനിക്കാൻ വളരെ പ്രാധാന്യമുള്ളവരായിരിക്കും. ചിത്തിര, ചോതി, വിശാഖം, നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച ദിനത്തിൽ തങ്ങളുടെ പക്കപ്പിറന്നാൾ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
ഈ ആഴ്ച ധാരാളം നല്ല കാര്യങ്ങൾ പ്രതീക്ഷിക്കാം. വളരെക്കാലമായി അകന്നിരുന്ന ബന്ധുക്കളെ വീണ്ടും കണ്ടുമുട്ടാനും അവരോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കാനും ഒരു വലിയ അവസരം ലഭിക്കും. ഈ സംഗമം സന്തോഷവും സംതൃപ്തിയും നിറയ്‌ക്കുകയും ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. എന്നിരുന്നാലും, ഈ ആഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്. അനാവശ്യമായ കൂട്ടുകെട്ടുകൾ നിങ്ങളുടെ പേരിന് ദോഷം ചെയ്യുകയും പണനഷ്ടത്തിന് കാരണമാകുകയും ചെയ്യും. അതിനാൽ, പുതിയ ആളുകളുമായി ഇടപഴകുമ്പോൾ ജാഗ്രത പാലിക്കുകയും നിങ്ങളുടെ വിശ്വാസം അർഹരായവർക്ക് മാത്രം നൽകുകയും ചെയ്യുക. ചില പുതിയ പരിചയങ്ങൾ പലപ്പോഴും പ്രശ്നങ്ങൾക്കും പേരുദോഷത്തിനും വഴി വെക്കാൻ സാധ്യതയുള്ളതാണ്. ഈ കൂട്ടുകെട്ടുകളിൽ നിന്ന് ഉചിതമായി പിന്മാറുന്നത് തന്നെയാണ് നല്ലത്, ഇത് സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ സഹായകമാകും. മാനസികാരോഗ്യത്തിന് ഈ ആഴ്ച വളരെ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. നേരത്തെ ഉണ്ടായിരുന്ന മാനസിക പ്രയാസങ്ങൾക്കായി വിദഗ്ധ ചികിത്സയ്‌ക്ക് വിധേയനായിട്ടുണ്ടെങ്കിൽ, ഇപ്പോൾ അതിന്റെ ഫലപ്രാപ്തി അനുഭവപ്പെടുന്ന കാലമാണ്. സമർപ്പിതവും കൃത്യവുമായ ചികിത്സാ മാർഗ്ഗങ്ങളിലൂടെ, മാനസികാരോഗ്യത്തിൽ വൻ പുരോഗതി വരികയും, നിത്യജീവിതത്തിൽ ഒരു ഉന്മേഷം അനുഭവപ്പെടുകയും ചെയ്യും. ഈ ആഴ്ച അതുല്യമായ വിജയത്തിന്റെയും സന്തോഷത്തിന്റെയും കാലഘട്ടമായി മാറും. ഇത് ജീവിതത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്നതിനോടൊപ്പം, കുടുംബജീവിതത്തിൽ പുതുജീവിതം നയിക്കാനും പ്രചോദനം നൽകും. വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർ യഥാക്രമം ബുധനാഴ്ച, വെള്ളിയാഴ്ച, ശനിയാഴ്ച ദിനത്തിൽ തങ്ങളുടെ പക്കാ പിറന്നാൾ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ഈ വാരം കരിയറിൽ അതുല്യമായ ഫലങ്ങൾ ലഭിക്കുന്നതിനുള്ള വലിയ സാധ്യതകൾ കാണുന്നു. പ്രത്യേകിച്ച് സർക്കാർ ജോലിയിൽ പ്രവർത്തിക്കുന്നവർക്ക്, സ്ഥാനക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനുള്ള നല്ല സമയം ഇതാണ്. ദീർഘകാല പ്രതീക്ഷകൾക്കും കഠിനാധ്വാനത്തിനും ഫലപ്രാപ്തി കാണുകയും, ജീവിതത്തിൽ ഒരു പുതിയ ഉന്നതിയിലേക്ക് ഉയരാനുള്ള അവസരം ലഭിക്കുകയും ചെയ്യും. കലാ മേഖലയിൽ പ്രത്യേകിച്ച് സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഈ വാരം അപ്രതീക്ഷിതമായ അവസരങ്ങൾ ലഭിക്കുന്നതിന് സാധ്യത ഉണ്ട്. കഴിവുകളും പ്രതിഭകളും തിരിച്ചറിയപ്പെടുകയും, സാമ്പത്തികമായി വലിയ ലാഭം കൈവരിക്കാനുമുള്ള അവസരങ്ങൾ ഉദിക്കുകയും ചെയ്യും. പ്രൊഫഷണൽ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുടങ്ങുന്നതിന് ഇത് മികച്ച സമയം ആയിരിക്കും, ഈ പുതിയ വഴികൾ സാമ്പത്തിക നേട്ടങ്ങൾക്ക് മാത്രമല്ല, സർഗ്ഗാത്മകതയും കഴിവും പ്രദർശിപ്പിക്കുന്നതിനുള്ള വിലമതിക്കാനാവാത്ത പ്ലാറ്റ്‌ഫോമുകളിലേക്കും നയിച്ചേക്കാം. വ്യക്തിഗത ജീവിതത്തിൽ, പ്രത്യേകിച്ചും കുടുംബബന്ധങ്ങളിൽ, സന്തോഷവും ഐക്യവും നിറഞ്ഞ ഒരവസരമായിരിക്കും ഈ വാരം. ഭാര്യാഭർത്തൃ ഐക്യം കൂടുതൽ ദൃഢമാകുകയും, ശയനസുഖം ഉൾപ്പെടെ, സമാധാനവും സുഖവും അനുഭവപ്പെടുകയും ചെയ്യും. ബന്ധങ്ങൾ കൂടുതൽ ആഴത്തിലും ആത്മാർത്ഥത്തിലും വളരുകയും, നിത്യജീവിതത്തിലെ എല്ലാ ചെറിയ സന്തോഷങ്ങൾ ആസ്വദിക്കാനുള്ള അവസരങ്ങൾ ഉണ്ടാകുകയും ചെയ്യും. ആകെ പറഞ്ഞാൽ, ഈ വാരം കരിയറിൽ, പ്രൊഫഷണൽ ജീവിതത്തിൽ, കുടുംബബന്ധങ്ങളിൽ എല്ലാം മികച്ച ഫലങ്ങൾ നേടിക്കൊടുക്കും. മൂലം, പൂരാടം, ഉത്രാടം, നക്ഷത്രക്കാർ യഥാക്രമം ഞായറാഴ്ച, വെള്ളിയാഴ്ച, തിങ്കളാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ഈ ആഴ്ച നിങ്ങളുടെ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും യാഥാർത്ഥ്യമാകാനുള്ള ഒരു പ്രത്യേക ശക്തിയുണ്ട്. മനകാരകനായ ചന്ദ്രന്റെ തുലാരാശിയിലേക്കുള്ള സഞ്ചാരം മനസ്സിൽ കാണുന്ന കാര്യങ്ങൾ അതേപോലെ സംഭവിപ്പിക്കും. നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കും. ബുദ്ധിശൂന്യതയും അവിവേകവും കാണിക്കാതെ യുക്തിപൂർവം ന്യായമായ നടക്കാൻ സാധ്യതയുള്ള കാര്യങ്ങൾ മനസ്സിൽ സങ്കല്പിച്ചു നോക്കുക. സ്വപ്നങ്ങളും ലക്ഷ്യങ്ങളും സഫലമാകുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ ഒത്തുവരുന്നത് അനുഭവപ്പെടും. ഹൃദയം ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി പരിശ്രമിക്കാനുമുള്ള സമയമാണിത്. ഈ ആഴ്ചയിൽ, ദൈവാധീനത്തിൽ വലിയ അളവിൽ വിശ്വാസം വന്നു ചേരും. ചില ശത്രുക്കൾ ശല്യപെടുത്താനും സമാധാനം തകർക്കാൻ ശ്രമിച്ചേക്കാം, മനസ്സിൽ ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നിഴൽ വീഴ്‌ത്താൻ ശ്രമിക്കാം. ഇവയൊക്കെ കൊണ്ട് താൽക്കാലികമായി അസ്വസ്ഥതയോ ആശങ്കയോ ഉണ്ടാക്കിയേക്കാം. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഒക്കെ അത്ഭുതകരമായ ദൈവാധീനത്താൽ മാറി പോകുന്നത് നേരിൽ കാണാൻ സാധിക്കും. ഭാഗ്യം കൂടെയുണ്ടാകും, എല്ലാ ശ്രമമങ്ങളിലും വിജയത്തിൽ കലാശിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാനോ നിലവിലുള്ളവയിൽ പുരോഗതി കൈവരിക്കാനോ അനുകൂലമായ സമയമാണ്. വിവാഹ മംഗള കർമ്മങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ ആഴ്ച വളരെ ശുഭകരമാണ്. അത്തരം ചടങ്ങുകളിലൂടെ സാമ്പത്തിക നേട്ടം ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലിയിൽ പുതിയ വാതിലുകൾ തുറക്കപ്പെടുകയും അഭിവൃദ്ധിയിലേക്കുള്ള പുതിയ വഴികൾക്കായി അവസരങ്ങൾ ലഭിക്കുകയും ചെയ്യും. ഉത്രാടം, തിരുവോണം, അവിട്ടം, നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ഞായറാഴ്ച, ചൊവ്വാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ഈ ആഴ്ചയിൽ, ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയും കരുതലും അത്യാവശ്യമാണ്. ഭക്ഷണ ശീലങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും, പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കി വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. അനാരോഗ്യകരമായ ഭക്ഷണങ്ങളിൽ നിന്നും അകന്നു നിൽക്കാനും ശ്രദ്ധിക്കുക. പ്രത്യേകിച്ച്, നിലവിൽ ഉദരസംബന്ധമായ അസുഖങ്ങൾക്കോ ആമാശയ രോഗങ്ങൾക്കോ ചികിത്സയിൽ ഉള്ളവർ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. മരുന്ന് മറന്നു പോകുക, മാറി പോകുക തുടങ്ങിയ അവസ്ഥകൾ ഉണ്ടാകാതെ വലിയ ശ്രദ്ധ ഉണ്ടാകുക. അസ്വസ്ഥതയുടെ നേരിയ ലക്ഷണങ്ങൾ പോലും അവഗണിക്കാതെ വിദഗ്ധ ഡോക്ടറുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. എത്രയും പെട്ടെന്ന് രോഗനിർണയം നടത്തി ചികിത്സ തേടുന്നത് സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കും. ഈ ആഴ്ചയിലെ ആരോഗ്യ കാര്യങ്ങളിൽ അലംഭാവം പാടില്ല. ഈ ആഴ്ചയിൽ സ്വത്ത് സംബന്ധമായ തർക്കങ്ങളിലും കേസുകളിലും അനുകൂലമായ വിധി പ്രതീക്ഷിക്കുന്നത് വ്യർഥമാണ്. കോടതി നടപടികളിൽ കാലതാമസമോ അപ്രതീക്ഷിതമായ വഴിത്തിരിവുകളോ ഉണ്ടായേക്കാം. എന്നാൽ, ആഴ്ചയുടെ മധ്യത്തോടെ സാഹചര്യങ്ങൾ മാറിമറിയാൻ സാധ്യതയുണ്ട്. അതിനാൽ, നിലവിലെ സാഹചര്യം അനുവദിക്കുന്നുവെങ്കിൽ, കേസുകളും തർക്കങ്ങളും ആഴ്ചയുടെ അവസാനത്തിലേക്ക് മാറ്റിവയ്‌ക്കുന്നത് കൂടുതൽ ഗുണകരമാകും. സാമ്പത്തികപരമായി ഈ ആഴ്ചയിൽ പ്രതീക്ഷ നൽകുന്ന ചില സൂചനകളുണ്ട്. സർക്കാരിൽ നിന്നുള്ള ചില ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഇവ സാമ്പത്തിക ബാധ്യതകൾ കുറയ്‌ക്കാൻ സഹായിക്കും. എന്നിരുന്നാലും, പൊതുവേ ഒരു മെല്ലെപ്പോക്ക് അനുഭവപ്പെടുന്ന ആഴ്ചയാണിത്. അവിട്ടം, ചതയം, പൂരുരുട്ടാതി നക്ഷത്രക്കാർ യഥാക്രമം ചൊവ്വാഴ്ച, ബുധനാഴ്ച, വെള്ളിയാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ഈ ആഴ്ച ജീവിതത്തിൽ സന്തോഷത്തിന്റെയും വിജയത്തിന്റെയും പുതിയ അദ്ധ്യായങ്ങൾ തുറക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാവുകയും പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാവുകയും ചെയ്യും. ബിസിനസ്സിൽ പുതിയ അവസരങ്ങൾ തേടിയെത്തും, പരിശ്രമങ്ങൾക്കു ഫലം ലഭിക്കുകയും ചെയ്യും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് വിജയം കൈവരിക്കാനും അപ്രതീക്ഷിതമായ സമ്മാനങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ, ആഴ്ച മുന്നോട്ട് പോകുന്തോറും കരുതലോടെ ഇരിക്കേണ്ടതുണ്ട്. ആഴ്ചയുടെ മധ്യത്തോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. അമിത ക്ഷീണം, ശരീര വേദന, അല്ലെങ്കിൽ പഴയ അസുഖങ്ങൾ വീണ്ടും അക്രമിക്കാം. അതിനാൽ, ഭക്ഷണത്തിലും വിശ്രമത്തിലും കൂടുതൽ ശ്രദ്ധ ചെലുത്തുക. മറ്റുള്ളവരെ സഹായിക്കുന്ന സ്വഭാവമുണ്ടെങ്കിൽ ഈ ആഴ്ച അൽപം കരുതൽ വേണം. നിങ്ങളുടെ ഉദാരത മുതലെടുക്കാൻ ചിലർ ശ്രമിച്ചേക്കാം. സഹായം ആവശ്യമുള്ളവരെ തിരിച്ചറിയാനും അവരെ സഹായിക്കാനുമുള്ള വിവേകം പ്രകടിപ്പിക്കേണ്ടതുണ്ട്. അതുപോലെ, പുതിയ ബിസിനസ്സ് ഇടപാടുകളിലും സാമ്പത്തിക ഇടപെടലുകളിലും പ്രത്യേകം ശ്രദ്ധിക്കുക. ശത്രുക്കളിൽ നിന്ന് ആക്രമണം ഉണ്ടായേക്കാം, അതിനാൽ ജാഗ്രത പാലിക്കുക. നിയമപരമായ തർക്കങ്ങൾ, കേസുകൾ, അല്ലെങ്കിൽ അപ്രതീക്ഷിതമായ നിയമനടപടികൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, ഏതൊരു പ്രശ്നവും നേരിടാൻ മാനസികമായും സാമ്പത്തികമായും തയ്യാറായിരിക്കുക. ഈ ആഴ്ച പല വെല്ലുവിളികൾ ഉണ്ടാകുമെങ്കിലും അതിലെല്ലാം വിജയിക്കുന്നത് നിങ്ങളായിരിക്കും. പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർ യഥാക്രമം വെള്ളിയാഴ്ച, ശനിയാഴ്ച, ശനിയാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V















