വാര, മാസ, ഫലങ്ങൾ കണക്കാക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഈ പ്രവചനം ഒരു സാമാന്യ സൂചന മാത്രമാണെന്ന് ഓർക്കുക. ജനന സമയം, സ്ഥലം, അങ്ങനെ പലതിനെയും അടിസ്ഥാനപ്പെടുത്തി ഓരോ വ്യക്തിയുടെയും ജന്മകാല ഗ്രഹനില, യോഗങ്ങൾ, ദശാപഹാരങ്ങൾ എന്നിവ വ്യത്യസ്തമായിരിക്കും. അതിനാൽ, ഈ പൊതു പ്രവചനം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നില്ല. ജന്മഗ്രഹനില അനുസരിച്ച് കൂടുതൽ കൃത്യമായ ജാതക വിശകലനത്തിലൂടെ, നിങ്ങളുടെ ജീവിതത്തിലെ നല്ല സമയങ്ങളും മോശം സമയങ്ങളും നിർണ്ണയിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും സാധിക്കും. നല്ല സമയത്തിന്റെ ഗുണഫലങ്ങൾ മികച്ച രീതിയിൽ തന്നെ അനുഭവവേദ്യമാക്കാനും മോശം സമയം അതിജീവിക്കാനും ജാതക നിരൂപണം നടത്തുകയും ദശാനാഥനെ, ഗ്രഹങ്ങളെ ഒക്കെ പ്രീതിപ്പെടുത്തുകയും ചെയ്യാം. പൊതു പരിഹാരങ്ങൾ നടത്തുന്നതിനേക്കാൾ അവരവരുടെ ജാതക നിർണയം നടത്തി രാശിക്ക് അനുസരിച്ചു പരിഹാരങ്ങൾ നടത്തുന്നതായിരിക്കും ഉചിതം.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
ഈ വാരം ജാഗ്രതയും സൂക്ഷ്മതയും വളരെ പ്രധാനമാണ്. ചില കുൽസിത പ്രവൃത്തികളിൽ ഏർപ്പെടുന്നത് വലിയ പ്രതിസന്ധികളിലേക്ക് നയിച്ചേക്കാം. തെറ്റായ വഴിക്ക് നയിക്കുന്ന സൗഹൃദങ്ങളിൽ നിന്ന് അകന്നു നിൽക്കുക. ഇത്തരം സംസർഗ്ഗങ്ങൾ നിയമനടപടികളിലേക്കും ജയിൽവാസത്തിലേക്കും വരെ നയിച്ചേക്കാം. നിലവിലുള്ള സ്വത്ത് തർക്കങ്ങളിൽ പരാജയ സാധ്യതയും കാണുന്നു. മറ്റുള്ളവരെ സഹായിക്കുന്നത് നല്ല മനസ്സാണ്, പക്ഷേ ഈ ആഴ്ച അപരിചിതരെ സഹായിക്കുന്ന കാര്യത്തിൽ ജാഗ്രത പാലിക്കുക. അത് ചിലപ്പോൾ നിങ്ങൾക്ക് തിരിച്ചടിയായേക്കാം.
സർക്കാർ കാര്യങ്ങളിൽ, പ്രത്യേകിച്ച് ബാങ്ക് ഇടപാടുകളിൽ, ശ്രദ്ധയോടും ജാഗ്രതയോടും ഇടപെടണം. എല്ലാ രേഖകളും കൃത്യമായി സൂക്ഷിക്കുകയും സാമ്പത്തിക ഇടപാടുകൾ നിയമപരമായി പൂർത്തിയാക്കുകയും ചെയ്യുക. ഈ ആഴ്ച മിക്കവാറും എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ പ്രതിസന്ധികൾ മാനസികമായി തളർത്തുകയും ഭയവും ഉത്കണ്ഠയും ഉണ്ടാക്കുകയും ചെയ്തേക്കാം. മുൻപ് മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിട്ടുള്ളവർ ഈ വാരം പ്രത്യേകം ശ്രദ്ധിക്കണം. ഡോക്ടർ നിർദ്ദേശിച്ച മരുന്ന് കൃത്യമായി കഴിക്കുകയും അവരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുന്നത് നല്ലതാണ്. ഈ സമയത്ത് ക്ഷമയോടെയും ധൈര്യത്തോടെയും കാര്യങ്ങൾ നേരിടേണ്ടത് പ്രധാനമാണ്. ഓർക്കുക, ഈ പ്രതിസന്ധികൾ താൽക്കാലികമാണ്. ശരിയായ തീരുമാനങ്ങൾ എടുക്കുകയും ശ്രദ്ധയോടെ പ്രവർത്തിക്കുകയും ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് അവയെ അതിജീവിക്കാൻ കഴിയും.
കന്നിക്കൂറിലുള്ള ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാർ യഥാക്രമം ബുധനാഴ്ച, വ്യാഴാഴ്ച, വെള്ളിയാഴ്ച ദിവസം വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.
ഇതും വായിക്കുക
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
ഈ വാരം കുറച്ചധികം ശ്രദ്ധിക്കേണ്ട സമയമാണ്. ചില തെറ്റിദ്ധാരണകളും അപവാദങ്ങളും അലട്ടിയേക്കാം. പ്രതീക്ഷിക്കാത്ത വാക്കുകൾ കേൾക്കേണ്ടി വന്നേക്കാം. ഇതൊക്കെ തന്നെ മനസ്സിനെ ആഴത്തിൽ വിഷമിപ്പിക്കാനും വിഷാദത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട്, സംസാരത്തിലും പെരുമാറ്റത്തിലും വളരെ ശ്രദ്ധിക്കണം. വാക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കണം. തെറ്റിദ്ധാരണകൾ ഒഴിവാക്കാനും മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കാനും ശ്രമിക്കുക. ആരോഗ്യ കാര്യത്തിലും കുറച്ചധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്.
അജ്ഞാതമായ ചില രോഗങ്ങൾ ബാധിക്കാൻ സാധ്യതയുണ്ട്. ശരീരത്തിലെ അസ്വസ്ഥതകളെ അവഗണിക്കരുത്. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറെ കാണാൻ മറക്കരുത്. കുടുംബാംഗങ്ങളുമായും അയൽക്കാരുമായും ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ശാന്തമായ മനസ്സോടെ കാര്യങ്ങളെ സമീപിക്കുക. കോപവും വാദവും ഒഴിവാക്കി, ക്ഷമയോടെ കാര്യങ്ങൾ ചർച്ച ചെയ്യുക. നേരത്തെ നിലനിന്നിരുന്ന ചില നിയമ കേസുകളിലും പ്രതികൂല ഫലം അനുഭവിക്കേണ്ടി വന്നേക്കാം. അത്തരം സാഹചര്യങ്ങളിൽ നിയമ വിദഗ്ധരുടെ ഉപദേശം തേടുന്നത് നല്ലതാണ്. മനസ്സിൽ വിചാരിച്ചുകൂട്ടുന്ന പലതും സ്വയം അനുഭവിക്കേണ്ട അവസ്ഥ ഉണ്ടായേകാം. ഓർക്കുക, ഈ വെല്ലുവിളികൾ താൽക്കാലികമാണ്. വാരാവസാനത്തോട് കൂടി കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങും. ഈ സമയം ക്ഷമയും ധൈര്യവും കൈവെക്കുക. പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടത്തുക. നല്ല ചിന്തകൾ നിലനിർത്തുക. വിഷമകരമായ സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിടുക.
തുലാക്കൂറിലുള്ള ചിത്തിര നക്ഷത്രക്കാർ വെള്ളിയാഴ്ചയും, ചോതി, വിശാഖം നക്ഷത്രക്കാർ ശനിയാഴ്ചയും വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
ഈ വാരം സന്തോഷകരമായ പലതും ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുണ്ട്. പ്രണയം, വിദേശയാത്ര, തൊഴിൽ, വിദ്യാഭ്യാസം, സാമൂഹിക ജീവിതം എന്നിങ്ങനെയുള്ള മേഖലകളിൽ ആഹ്ലാദകരമായ വാർത്തകൾ കേൾക്കാൻ കഴിയും. കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു പ്രണയസാഫല്യം ഈ വാരം അനുഭവിക്കാൻ കഴിയും. ബാല്യകാല സുഹൃത്തുമായുള്ള പ്രണയം വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹത്തിൽ കലാശിക്കുന്നത് ജീവിതത്തിൽ പുതിയൊരു അധ്യായം രചിക്കാൻ തുടക്കം കുറിക്കും.
വിദേശയാത്രയെക്കുറിച്ച് സ്വപ്നം കാണുന്നവർക്ക് ഈ വാരം അനുകൂലമാണ്. വിദേശയാത്രയ്‌ക്കുള്ള അനുമതി ലഭിക്കുകയും അവിടെ നിങ്ങളുടെ മികവിനെ അംഗീകരിക്കപ്പെടുന്ന ഉയർന്ന പദവിയിലുള്ള ജോലി ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. വിദ്യാഭ്യാസ മേഖലയിലും മികവ് തെളിയിക്കാൻ കഴിയുന്ന ഒരു വാരമാണിത്. വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് സ്കോളർഷിപ്പോടു കൂടി വിദേശ പഠനം എന്ന ദീർഘകാല സ്വപ്നം സഫലീകരിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്താം. രാഷ്‌ട്രീയത്തിലോ ചലച്ചിത്ര രംഗത്തോ സാമൂഹിക രംഗത്തോ പ്രവർത്തിക്കുന്നവർക്കും ഈ വാരം തിളങ്ങാനുള്ള സമയമാണ്. പുതിയ ചില വിവാദ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള അവസരം തേടിയെത്തും. ഈ അവസരങ്ങൾ കൃത്യമായും ബുദ്ധിപൂർവവും കൈകാര്യം ചെയ്യുന്നതിലൂടെ പ്രശസ്തിയും സ്വാധീനവും വർദ്ധിപ്പിക്കാനാകും. ആഗ്രഹിച്ചിരുന്ന പുതിയ വാഹനം സ്വന്തമാക്കാനും കഴിയും. കൂടാതെ, ജോലിസ്ഥലത്ത് ശത്രുക്കളെ തോൽപ്പിക്കാനും തൊഴിൽപരമായ വിജയങ്ങൾ നേടാനും ഇതേ സമയം അനുയോജ്യമാണ്. ഭാഗ്യം തുണയ്‌ക്കുകയും ചെയ്യും.
വൃശ്ചികക്കൂറിലുള്ള വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, വ്യാഴാഴ്ച, ഞായറാഴ്ച ദിവസം വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ഈ വാരം കുടുംബജീവിതത്തിലും തൊഴിൽ ജീവിതത്തിലും സന്തോഷത്തിന്റെയും വിജയത്തിന്റെയും പുതിയ പ്രതീക്ഷകൾ മൊട്ടിടുന്ന സമയമാണ്. കുടുംബാംഗങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുകയും വീട്ടിൽ സന്തോഷവും സൗഹാർദ്ദവും നിറയും. വളരെക്കാലമായി അകന്നു നിന്നിരുന്ന ദമ്പതിമാർക്കിടയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പരസ്പരം കൂടുതൽ അടുക്കാനുമുള്ള അവസരം ലഭിക്കും.
തൊഴിലിടത്തും മികച്ച വാർത്തകൾ കേൾക്കാൻ കഴിയുന്ന ഒരു സമയമാണിത്. കുറച്ചുകാലമായി അലട്ടിയിരുന്ന ബുദ്ധിമുട്ടുകൾ മാറി പുതിയ വെളിച്ചം കാണും. മേലധികാരികളുടെയും സഹപ്രവർത്തകരുടെയും അഭിനന്ദനവും പിന്തുണയും ലഭിക്കും. വളരെക്കാലമായിട്ടുള്ള കഠിനാധ്വാനത്തിന്റെ ഫലമായി അപ്രതീക്ഷിതമായി ഉയർന്ന പദവി ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. സ്ത്രീകളുമായുള്ള ബന്ധവും ഈ വാരം ശക്തമാകും. ജോലിസ്ഥലത്തോ സാമൂഹിക ഇടപഴകലുകളിലൂടെയോ സ്ത്രീകളുമായി അടുത്ത ബന്ധം സ്ഥാപിക്കാനുള്ള അവസരം ലഭിക്കും. അവരുടെ സൗഹൃദം ജീവിതത്തിൽ പുതിയ സന്തോഷം നിറയ്‌ക്കും.
ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ വാരം വളരെ അനുകൂലമാണ്. എല്ലാ പ്രവർത്തനങ്ങളും ലാഭത്തിൽ കലാശിക്കുകയും ബിസിനസ്സ് വളരുകയും ചെയ്യും. പുതിയ പദ്ധതികൾ ആരംഭിക്കാനും വിപണിയിൽ വിജയം നേടാനുമുള്ള അവസരം ലഭിക്കും. സ്വസ്ഥ ജീവിതത്തിൽ അസൂയയും ദ്രോഹവും കൊണ്ട് വരുന്ന ശത്രുക്കളെ മറികടക്കാനും അവരുടെ ദുഷ്ടചിന്തകളെ തടയാനും കഴിയും. ധൈര്യവും ശക്തിയും കൊണ്ട് അവരെ തോൽപ്പിക്കുകയും സ്വയം ലക്ഷ്യമിട്ട വഴിയിൽ മുന്നേറുകയും ചെയ്യും.
ധനുക്കൂറിലുള്ള മൂലം, പൂരാടം, ഉത്രാടം നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച ദിവസം വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.
മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ഈ വാരം നിങ്ങളെ സമ്മിശ്ര ഫലങ്ങൾ നൽകുന്ന ഒന്നായിരിക്കും. ചില മേഖലകളിൽ വിജയം കൈവരിക്കാനാകുമെങ്കിലും മറ്റു ചില മേഖലകളിൽ തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. വിദേശയാത്രയെക്കുറിച്ചോ ജോലി മാറ്റത്തെക്കുറിച്ചോ ചിന്തിക്കുന്നവർക്ക് താത്കാലിക ആശ്വാസമെന്നു കരുതാവുന്ന ചില വാർത്തകൾ വന്നു ചേരാൻ സാധ്യത ഉണ്ട്. എന്നിരുന്നാലും കാര്യങ്ങൾ വിചാരിച്ച രീതിയിൽ നീങ്ങാതെ കാലതാമസം നേരിടാനുള്ള സാധ്യതയുണ്ട്.
മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് ഈ വാരം അൽപ്പം ശ്രദ്ധിക്കണം. മാനസികാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് പ്രിയപ്പെട്ടവരുടെ പിന്തുണ തേടുകയും ആവശ്യമെങ്കിൽ വിദഗ്ധരുടെ സഹായം തേടുകയും ചെയ്യുന്നത് നല്ലതായിരിക്കും. ടെൻഷനും ആകുലതയും ഒഴിവാക്കി ശാന്തമായ ചിന്തയിലൂടെ പ്രശ്നങ്ങൾ നേരിടാൻ ശ്രമിക്കുക. മനസമാധാനത്തെ ബാധിക്കുന്ന പ്രവർത്തികളിൽ നിന്നും ബോധപൂർവം ഒഴിഞ്ഞു നിൽക്കുക.
വാഹനം ഓടിക്കുന്നവർ ഈ ആഴ്ചയിൽ വളരെ ജാഗ്രത പാലിക്കണം. ഏഴരശ്ശനി നടക്കുന്ന സമയമായതിനാൽ അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ കരുതലോടെ വാഹനം ഓടിക്കുക. കുടുംബ ജീവിതത്തിലും ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. നിസാര കാര്യങ്ങൾ അശ്രദ്ധ ഒക്കെ കാരണം വഴക്കുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ക്ഷമയും ധാരണയുമാണ് കുടുംബജീവിതത്തിൽ സന്തോഷം നിലനിർത്താനുള്ള മാർഗ്ഗം. പരസ്പരം സ്നേഹത്തോടെയും കരുതലോടെയും പെരുമാറുക. വാരാവസാനത്തോട് കൂടി കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങും. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുകയും കുടുംബജീവിതത്തിൽ സന്തോഷം നിറയുകയും ചെയ്യും.
മകരക്കൂറിലുള്ള ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർ യഥാക്രമം ബുധനാഴ്ച, വ്യാഴാഴ്ച, വെള്ളിയാഴ്ച ദിവസം വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ഈ വാരം മനക്കരുത്ത് പരീക്ഷിക്കുന്ന ഒന്നായിരിക്കും. കുടുംബം, ആരോഗ്യം, ജോലി എന്നീ മേഖലകളിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ഏറ്റവും മുഖ്യമായി, അമ്മയ്‌ക്കോ മറ്റ് മാതൃ ബന്ധുക്കൾക്കോ ഈ വാരം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അവരുടെ ക്ഷേമത്തിനായി ശ്രദ്ധിക്കുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഒരുപക്ഷെ അവരുടെ ശേഷക്രിയ പോലും ചെയ്യണ്ട അവസ്ഥ ഉണ്ടായേക്കാം.
മാനസികമായും ശാരീരികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ടെൻഷനും ആകുലതയും അലട്ടിയേക്കാം. തന്റേതല്ലാത്ത കാരണങ്ങളാൽ മനോദുഃഖം അനുഭവപ്പെടേണ്ടി വന്നേക്കാം. ചുറ്റിലും നടക്കുന്ന കാര്യങ്ങൾ വിഷമിപ്പിക്കാൻ ഇടയാക്കിയേക്കാം. പ്രശ്നങ്ങളെ ധൈര്യത്തോടെയും ക്ഷമയോടെയും നേരിടാൻ ശ്രമിക്കുക. ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് വയറു വേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്. കുടുംബ ജീവിതത്തിലും ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. ജീവിത പങ്കാളിയുമായോ മക്കളുമായോ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനും വാദങ്ങൾ നടക്കാനും സാധ്യതയുണ്ട്. ക്ഷമയും ധാരണയും കാണിക്കേണ്ടത് പ്രധാനമാണ്. പരസ്പരം ബഹുമാനിക്കുകയും കരുതലോടെയും പെരുമാറുകയും ചെയ്യുന്നതിലൂടെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. തൊഴിൽ മേഖലയിലും ഈ വാരം പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. ജോലിയിലെ ഭാരം വർദ്ധിക്കുകയും ദൂരയാത്രകൾ ചെയ്യേണ്ടി വരുകയും യാത്രാദുരിതം ഉണ്ടാകുകയും ചെയ്തേക്കാം. ചിലർക്ക് ആശുപത്രിവാസം അല്ലെങ്കിൽ സർജറി വേണ്ടി വന്നേക്കാം. ഈ വെല്ലുവിളികൾക്കിടയിലും പ്രതീക്ഷ നഷ്ടപ്പെടരുത്. കാര്യങ്ങൾ നൊടിയിടയിൽ മാറിമറിയും.
കുംഭക്കൂറിലുള്ള അവിട്ടം നക്ഷത്രക്കാർ വെള്ളിയാഴ്ചയും, ചതയം, പൂരുരുട്ടാതി നക്ഷത്രക്കാർ ശനിയാഴ്ചയും വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ഈ വാരം അനുകൂലമായ വലിയ മാറ്റങ്ങൾ ഉണ്ടാകും. കുറച്ചുകാലമായി നേരിട്ടിരുന്ന പ്രതിസന്ധികളിൽ നിന്ന് മോചനം നേടാനും പുതിയൊരു തുടക്കം കുറിക്കാനുമുള്ള അവസരങ്ങൾ തേടിയെത്തും. കോടതി വ്യവഹാരങ്ങളിൽ അനുകൂല തീരുമാനം ലഭിക്കുകയോ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയോ ചെയ്യേക്കാം.
നിങ്ങളുടെ ശത്രുക്കൾക്ക് നിങ്ങളെ തടയാൻ കഴിയില്ല. അവരെ മറികടന്ന് വിജയം നേടുന്ന അനുഭവം നിങ്ങളിൽ ആത്മവിശ്വാസം വളർത്തും. ദീർഘകാലമായി അനുഭവിച്ചിരുന്ന മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് മോചനം ലഭിക്കും. മനസ്സ് സന്തോഷവും സമാധാനവും നിറഞ്ഞതാകും. സഹോദര സ്ഥാനീയരായവരിൽ നിന്ന് പിന്തുണയും സഹായവും ലഭിക്കും. അവരുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നതിനും ഇത് കാരണമാകും.
ഈശ്വരനോട് കൂടുതൽ അടുക്കാനുള്ള അവസരം ഈ വാരം ലഭിക്കും. ദൈവാനുഗ്രഹം അനുഭവപ്പെടും. പ്രധാനമായും ജോലിസ്ഥലത്ത് സമ്മർദ്ദങ്ങൾ കുറയും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കുകയും പുതിയ കാര്യങ്ങൾ പഠിക്കാനും പരീക്ഷിക്കാനുമുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്യും. കഴിവുകൾ തെളിയിക്കാനുള്ള വേദിയൊരുക്കും അനുഭവങ്ങൾ.
സ്ത്രീ സുഹൃത്തുക്കളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നതിനും ഈ വാരം സാക്ഷ്യം വഹിക്കും. അവരുമായി സന്തോഷകരമായ സമയം ചെലവഴിക്കാനും അവരിൽ നിന്ന് പിന്തുണ നേടാനുമുള്ള അവസരം ലഭിക്കും. അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള ധൈര്യവും, ആ ചിന്തകൾ മറ്റുള്ളവർ അംഗീകരിക്കുകയും ചെയ്യും. എന്നാൽ ഈ വിജയങ്ങളിൽ അഹങ്കാരം കാണിക്കാതെ എല്ലാവരോടും വിനയത്തോടെ പെരുമാറാൻ മറക്കരുത്.
മീനക്കൂറിലുള്ള പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, വ്യാഴാഴ്ച, ഞായറാഴ്ച ദിവസം വ്രതം അനുഷ്ഠിക്കാനും ക്ഷേത്രദർശനം നടത്താനും ശ്രദ്ധിക്കേണ്ടതാണ്.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V















