ചെന്നൈ: തമിഴിലെ പ്രിയ ഫ്രാഞ്ചൈസിയായ അരണ്‍മനൈയുടെ നാലാം ഭാഗം ഒടിടിയിലെത്തുന്നു. ഒരിടവേളയ്‌ക്ക് ശേഷം ബോക്സോഫിസിൽ പണം വാരിയ തമിഴ് ചിത്രമായിരുന്നു സുന്ദർ സി സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ജോണറിലെത്തിയ അരൺമനൈ. തമന്നയും റാഷി ഖന്നയും സുന്ദർ സിയും യോഗി ബാബുവും പ്രധാന കഥാപാത്രങ്ങളായ ചിത്രം മെയ് 3നായിരുന്നു റിലീസ് ചെയ്തത്. ഈ വർഷം തമിഴിൽ നൂറു കോടി കടന്ന ആദ്യ ചിത്രവും അരൺമനൈ ആയിരുന്നു.
ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രം ഒടിടി റിലീസ് ചെയ്യുന്നത്. ഈ മാസം അവസാനത്തോടെ റിലീസ് ഉണ്ടാവുമെന്നാണ് സൂചന. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. വിടിവി ഗണേഷ്, ഡൽഹി ഗണേഷ്, കോവൈ സരള എന്നിവർ തകർത്തഭിനയിച്ച ചിത്രത്തിന്റെ ഭൂരിഭാഗവും കേരളത്തിലായിരുന്നു ഷൂട്ട് ചെയ്തത്.
മസാല ചിത്രമായ അണിയിച്ചൊരുക്കിയ സിനിമയ്‌ക്ക് വിമർശനങ്ങളുണ്ടായിരുന്നെങ്കിലും കളക്ഷനെ അതൊന്നും ബാധിച്ചില്ല. അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ലാണ് പുറത്തിറങ്ങിയത്. പരസ്പരം യാതൊരുവിധ ബന്ധവും പുർത്താത്ത ചിത്രങ്ങളാണ് അരൺമനൈ ഫ്രാഞ്ചൈസിലുള്ളത്. ലോജിക്കുകൾ മാറ്റിവച്ച് ആസ്വദിക്കാൻ പറ്റുന്ന തരത്തിലാണ് സുന്ദർ സി ചിത്രങ്ങൾ അണിയിച്ചൊരുക്കിയിരിക്കുന്നത്.















