ന്യൂഡൽഹി: ബംഗ്ലാദേശുമായി ഗംഗാ നദിയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട ഫറാക്ക ഉടമ്പടിക്കെതിരെയുള്ള മമത സർക്കാരിന്റെ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. പദ്ധതിയിൽ വന്ന മാറ്റങ്ങളും പുരോഗതിയും അതാത് സമയങ്ങളിൽ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഉടമ്പടിയിൽ ബംഗ്ലാദേശുമായി കേന്ദ്രം നടത്തിയ ചർച്ചകൾ ഏകപക്ഷീയമാണെന്നുള്ള മമതയുടെ വാദങ്ങൾക്ക് പിന്നാലെയാണ് വിഷയത്തിൽ കേന്ദ്രം കൂടുതൽ വ്യക്തത വരുത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ എതിർപ്പ് പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. എന്നാൽ കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത് പ്രകാരം കഴിഞ്ഞ വർഷം ജൂലൈ 24 ന് 1996 ലെ ഇന്ത്യയും ബംഗ്ലാദേശുമായി ജലം പങ്കിടുന്നതിനുള്ള ഫറാക്ക ഉടമ്പടിയുടെ ഇന്റേണൽ റിവ്യൂ കമ്മിറ്റിയിലേക്കുള്ള സംസ്ഥാന സർക്കാർ പ്രതിനിധിയെ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രം ബംഗാൾ സർക്കാരിന് കത്തെഴുതിയിരുന്നു.
തുടർന്ന് അതേ വർഷം ഓഗസ്റ്റ് 25 ന്, ബംഗാൾ ഗവൺമെൻ്റ് സംസ്ഥാന ചീഫ് എഞ്ചിനീയറെ (ഡിസൈൻ ആൻഡ് റിസർച്ച്) സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. ഈ വർഷം ഏപ്രിൽ 5 ന് പശ്ചിമ ബംഗാൾ സർക്കാരിന്റെ ജോയിന്റ് സെക്രട്ടറി ഫറാക്ക ബാരേജിൽ നിന്നുള്ള അടുത്ത 30 വർഷത്തേക്കുള്ള അവരുടെ ആവശ്യങ്ങൾ കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നുവെന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
പ്രധാനമന്ത്രി മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിൽ അടുത്തിടെ നടന്ന കൂടിക്കാഴ്ചയിൽ ടീസ്റ്റ നദിയുടെ സംരക്ഷണവും പരിപാലനവും ഒപ്പം 1996 ലെ ഫറാക്ക ഉടമ്പടി പുതുക്കുന്നത് സംബന്ധിച്ച വിഷയത്തിൽ ധാരണയിലെത്തിയിരുന്നു. കരാർ പ്രകാരം, ടീസ്റ്റയിലെ ജലം കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമായി ഇന്ത്യ ഒരു റിസർവോയറും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കും. ഗംഗാ നദിയിലെ ജലം പങ്കിടുന്നത് സംബന്ധിച്ച കരാർ 2026 ലാണ് അവസാനിക്കുന്നത്. ഉടമ്പടി പ്രകാരം ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും 10 കിലോമീറ്റർ അകലെയുള്ള ഭാഗീരഥി നദിയിലെ ഫറാക്ക അണക്കെട്ടിലെ ജലമാണ് ഇരു രാജ്യങ്ങളും പങ്കുവയ്‌ക്കുക.