കോഴിക്കോട്: ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 14 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ടു മാസത്തിനിടയിൽ സ്ഥിരീകരിക്കുന്ന നാലാമത്തെ കേസാണിത്.
കഴിഞ്ഞ ആഴ്ച പയ്യോളിയിലെ ഒരു കുളത്തിൽ നിന്നും കുട്ടി കുളിച്ചിരുന്നു. ഇതിന് ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയത്. തുടർന്ന് അഞ്ച് ദിവസം മുമ്പാണ് കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നായിരുന്നു പരിശോധനാഫലം പുറത്ത് വന്നത്.
കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ മൂന്ന് കുട്ടികളാണ് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ ആശുപത്രികളിൽ മരിച്ചത്. ഫറോക്ക് സ്വദേശിയായ മൃദുൽ (12), കണ്ണൂർ സ്വദേശിയായ ദക്ഷിണ (13), മലപ്പുറം മുന്നിയൂർ സ്വദേശി ഫദ്‌വ (5) എന്നിവരാണ് മരിച്ചത്.
ഒഴുക്കില്ലാത്ത ജലാശയത്തിലാണ് സാധാരണ മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്ന അമീബ കാണപ്പെടുന്നത്. വെള്ളത്തിൽ നിന്നും മൂക്കിലൂടെയാണ് ഇത് മനുഷ്യ ശരീരത്തിലേക്ക് എത്തുന്നത്. പനി,തലവേദന,ഛർദ്ദി, അപസ്മാരം എന്നിവയാണ് രോഗ ലക്ഷണങ്ങൾ.















