പനാജി: പനാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള ആറ് വരിപ്പാത ഉദ്ഘാടനം ചെയ്ത് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. എൻഎച്ച് 66നെ മനോഹർ ഇന്റർനാഷണൽ എയർപോർട്ടുമായി ബന്ധിപ്പിക്കുന്ന ആറുവരിപ്പാതയാണിത്. പദ്ധതി വഴി വിമാനത്താവളത്തിൽ എത്തിച്ചേരാനുള്ള സമയം വലിയ രീതിയിൽ കുറയുമെന്നും, വിനോദസഞ്ചാര മേഖലയ്‌ക്കും സമ്പദ്‌വ്യവസ്ഥയ്‌ക്കും വലിയ ഉത്തേജനം പകരുന്നതാണ് പദ്ധതിയെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. പദ്ധതിക്ക് പിന്തുണ നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, നിതിൻ ഗഡ്കരിക്കും അദ്ദേഹം നന്ദി അറിയിച്ചു. ഡബിൾ എഞ്ചിൻ സർക്കാരിന് കീഴിൽ അടിസ്ഥാന സൗകര്യ മേഖലയിൽ ഗോവ അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗോവയിലെ റോഡ് ഗതാഗത മേഖല മെച്ചപ്പെടുത്തുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25,000-30,000 രൂര വരെ അനുവദിക്കാൻ തയ്യാറാണെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമസഞ്ചാരം ഉറപ്പുവരുന്ന, മലിനീകരണം കുറയ്‌ക്കുന്നതിൽ ശ്രദ്ധ നൽകുന്ന ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും ഗഡ്കരി ഗോവ സർക്കാരിനോട് ആവശ്യപ്പെട്ടു.
” മികച്ച റോഡുകൾ വരുന്നത് ഓരോ പ്രദേശങ്ങളുടേയും വികസനത്തിലേക്ക് കൂടിയാണ് വഴി വയ്‌ക്കുന്നത്. പലയിടങ്ങളിലും വിനോദസഞ്ചാരികളുടെ എണ്ണം മൂന്നിരട്ടിയായി ഉയർന്നു. ഗോലയ്‌ക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത് വഴി പൊതുഗതാഗതത്തെ ജനപ്രിയമാക്കാനാണ് ലക്ഷ്യമിടുന്നത്. വലിയ റോഡുകൾ നിർമ്മിക്കുമ്പോൾ അവിടെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ആളുകൾക്ക് ലക്ഷ്യസ്ഥാനത്തേക്ക് അതിവേഗം എത്താൻ കഴിയുമെങ്കിലും മലിനീകരണം എന്നത് വലിയ പ്രശ്‌നമായി തുടരുന്നു.
ഗോവയിലുള്ള ബൈക്ക് ടാക്‌സികളെ സിഎൻജി അല്ലെങ്കിൽ ഇലക്ടോണിക് മോട്ടോർ സൈക്കിളുകളാക്കി മാറ്റുക എന്ന നിർദ്ദേശം പ്രമോദ് സാവന്ത് മുന്നോട്ട് വച്ചിരുന്നു. ഗോവ പോലൊരു സംസ്ഥാനത്ത് പെട്രോളും ഡീസലും വഴിയുണ്ടാകുന്ന മലിനീകരണം കുറയാൻ ഇത് സഹായിക്കും. 22,000 കോടി രൂപയുടെ പദ്ധതികൾ ഗോവയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. വരും വർഷങ്ങളിലും സമാനമായ തുകയുടെ പദ്ധതികൾക്ക് അംഗീകാരം നൽകുമെന്നും ഗോവയുടെ വികസനത്തിന് കൈത്താങ്ങാകുമെന്നും” ഗഡ്കരി പറഞ്ഞു.















