പൂനെ: വാഹനത്തിന് ഓവർടേക്ക് ചെയ്യാൻ സൈഡ് നൽകിയില്ലെന്നാരോപിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് നേരെ കാറിലെത്തിയ വയോധികന്റെ ക്രൂരത. പൂനയിലാണ് സംഭവം. കുട്ടികളുമായി യാത്ര ചെയ്യുകയായിരുന്ന സ്കൂട്ടർ യാത്രക്കാരിയെ ഇയാൾ പിന്നാലെയെത്തി മുടിക്ക് പിടിച്ച് വലിക്കുകയും മുഖത്ത് ഇടിച്ചു വീഴ്‌ത്തുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ യുവതിയുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റു.
ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ ജെർലിൻ ഡി സിൽവ എന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് യുവതി തന്റെ ദുരനുഭവം പങ്കുവെച്ചത്. പാഷൻ-ബാനർ ലിങ്ക് റോഡിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യവെയാണ് സംഭവം. യുവതിക്കൊപ്പം തന്റെ രണ്ട് കുട്ടികളുമുണ്ടായിരുന്നു. വയോധികൻ സഞ്ചരിച്ച കാർ അമിത വേഗതയിലാണ് വന്നിരുന്നതെന്ന് യുവതി ആരോപിക്കുന്നു. ഇയാൾ 2 കിലോമീറ്ററോളം ഇത്തരത്തിൽ തന്നെ പിന്തുടർന്നു . കാറിന്റെ വഴിമുടക്കാതെ റോഡിന്റെ ഇടതുവശം ചേർന്നാണ് യുവതി പോയിരുന്നത്.
എന്നാൽ ഓവർടേക്ക് ചെയ്ത് മുന്നിലെത്തിയ കാർ സ്കൂട്ടറിന്റെ മുന്നിൽ നിർത്തുകയായിരുന്നു. ദേഷ്യത്തിൽ പുറത്തിറങ്ങിയ വയോധികൻ യുവതിക്ക് നേരെ പാഞ്ഞടുക്കുകയും യാതൊരു പ്രകോപനവുമില്ലാതെ മുഖത്ത് നിർത്താതെ ഇടിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിലും മൂക്ക് പൊട്ടി രക്തം വരുന്നുണ്ട്. യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചതായും സംഭവത്തിൽ പരാതി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചുവെന്നും ചതുർശ്രിംഗി പൊലീസ് പറഞ്ഞു.















