ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ മകളും ഇന്ത്യൻ റെയിൽവേ പേഴ്‌സണൽ സർവീസ് ഓഫീസറുമായ അഞ്ജലി ബിർളയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ നിർദേശം നൽകി ഡൽഹി ഹൈക്കോടതി. സമൂഹമാദ്ധ്യമമായ എക്‌സിനും ഗൂഗിളിനുമാണ് പോസ്റ്റുകൾ നീക്കം ചെയ്യാൻ നിർദേശം നൽകിയത്.
അടുത്ത 24 മണിക്കൂറിനുള്ളിൽ എക്‌സിൽ നിന്നും ഗൂഗിളിൽ നിന്നും അഞ്ജലിയെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും ഇത്തരം പോസ്റ്റുകൾ ഇടുന്നത് വിലക്കണമെന്നും ജസ്റ്റിസ് നവിൻ ചാവല ഉത്തരവിട്ടു. എക്‌സിൽ ഇത്തരം പോസ്റ്റുകൾ ട്വീറ്റ് ചെയ്യുകയോ റീ ട്വീറ്റ് ചെയ്യുകയോ ചെയ്യുന്ന ഉപയോക്താക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
യുപിഎസ്‌സി പരീക്ഷ ആദ്യ ശ്രമത്തിൽ തന്നെ അഞ്ജലി വിജയിച്ചത് പിതാവ് ഓം ബിർളയുടെ സ്വാധീനം മൂലമാണെന്ന തരത്തിലുള്ള പോസ്റ്റുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ അഞ്ജലി കൃത്യമായാണ് യുപിഎസ്‌സി പരീക്ഷ എഴുതിയതെന്നും 2019ലാണ് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചതെന്നും അഞ്ജലിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. പരീക്ഷയിൽ അഞ്ജലി ക്രമക്കേടുകൾ നടത്തിയിട്ടില്ലെന്ന് കോടതിക്ക് ബോധ്യമായതോടെ പോസ്റ്റുകൾ നീക്കം ചെയ്യാൻ എക്‌സിനും ഗൂഗിളിനും നിർദേശം നൽകുകയായിരുന്നു.