തൃശൂർ: സ്വർണത്തൊഴിലാളികളെ വിളിച്ചു വരുത്തി കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണവുമായി കടന്നു. സംഭവത്തിൽ അക്രമികളിലൊരാളായ തിരുവനന്തപുരം സ്വദേശി രഞ്ജിത്തിനെ പൊലീസ് പിടികൂടി. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
ആലുവ സ്വദേശികളായ ഷെമീറിനും ഷെഹീദിനുമാണ് കുത്തേറ്റത്. സ്വർണം വാങ്ങാനെന്ന വ്യാജേന ഇരുവരെയും വെളിയന്നൂരിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെയെത്തിയ തൊഴിലാളികളുടെ പക്കലുണ്ടായിരുന്ന സ്വർണം പിടിച്ചുപറിക്കാൻ അക്രമികൾ ശ്രമിച്ചു. ഇത് പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ അക്രമികൾ തൊഴിലാളികളെ കത്തികൊണ്ട് കുത്തുകയായിരുന്നു.
630ഗ്രാം സ്വർണമാണ് പ്രതികൾ കവർന്നത്. വിപണിയിൽ ഇതിന് 40 ലക്ഷം രൂപയോളം മതിപ്പ് വില വരുമെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സയിലാണ്.















