മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും ജനജീവിതം സ്തംഭിച്ചു. പൂനെയിലാണ് കനത്ത മഴയിൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. കഴിഞ്ഞ ദിവസം നാല് പേരാണ് ജില്ലയിൽ മരിച്ചത്. മൂന്ന് പേർ വൈദ്യുതാഘാതമേറ്റും ഒരാൾ മണ്ണിടിച്ചിലിൽ പെട്ടുമാണ് മരിച്ചത്.
തലസ്ഥാന നഗരിയായ മുംബൈയിലും ജനജീവിതം സ്തംഭിച്ചു. കായലുകൾ കരകവിയുകയും റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തേയും മഴ സാരമായി ബാധിച്ചിട്ടുണ്ട്. പാൽഘർ ജില്ലയിലെ വാഡ, വിക്രംഗഡ് താലൂക്കുകളിലും റായ്ഗഡ്, അലിബാഗ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ പൂനെയുടെ നഗരമേഖലകളിൽ 114 മില്ലിമീറ്റർ മഴയും വനപ്രദേശങ്ങളിൽ 200 മില്ലിമീറ്റർ മഴയുമാണ് ലഭിച്ചത്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 65 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
മുംബൈയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴ ട്രെയിൻ, വിമാന സർവീസുകളുടെ പ്രവർത്തനങ്ങളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് എയർ ഇന്ത്യ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ വിമാന സർവീസുകളെ ബാധിച്ചേക്കുമെന്നും, ട്രാഫിക്കും വെള്ളക്കെട്ടും മൂലം വിമാനത്താവളത്തിൽ എത്തുന്നത് വൈകാതിരിക്കാൻ പരമാവധി നേരത്തെ യാത്ര തിരിക്കണമെന്നും എയർ ഇന്ത്യയുടെ നിർദേശത്തിൽ പറയുന്നു.
കനത്ത മഴയും കാറ്റും ട്രെയിൻ സർവീസുകളേയും സാരമായി ബാധിച്ചിട്ടുണ്ട്. പല ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്. പൻവേൽ-ചൗക്ക് ലെയ്ൻ വഴിയുള്ള ട്രെയിൻ സർവീസുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് സെൻട്രൽ റെയിൽവേ അറിയിച്ചു.