തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖല സന്ദർശിക്കുന്നതിന് ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ധർക്കും വിലക്ക്. മാദ്ധ്യമങ്ങൾക്ക് മുമ്പിൽ അഭിപ്രായം പങ്കുവയ്‌ക്കരുതെന്നും മുൻപഠനങ്ങളുടെ വിവരങ്ങൾ നൽകരുതെന്നും നിർദ്ദേശമുണ്ട്. ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് ഉത്തരവിറക്കിയത്. ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലുണ്ടായി മൂന്ന് ദിവസം പിന്നിടുമ്പോഴാണ് ഉത്തരവ് പുറത്തിറക്കിയത്.
സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ മുണ്ടക്കൈ സന്ദർശിക്കരുതെന്നാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഫ. കെ.പി.സുധീറിന് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ദുരന്ത മേഖലകളിൽ പഠനം നടത്തണമെങ്കിൽ സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്നും കത്തിൽ പറയുന്നു.
വിദഗ്ധരുടെ അഭിപ്രായമെന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഉരുൾപ്പൊട്ടലിൽ ഏകദേശം 283 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. 200-ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഉരുളെടുത്തത് വീടുകളുൾപ്പെടെ 348 കെട്ടിടങ്ങളാണ്.