നവി മുംബൈ: കർക്കടക വാവിനോടനുബന്ധിച്ച് ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നെരൂൾ ഗുരുദേവഗിരിയിൽ നടന്ന ബലിതർപ്പണത്തിൽ വൻ തിരക്ക്. മുംബയുടെ വിവിധ ഭാഗങ്ങളിൽനിന്നും നവിമുംബയിൽ നിന്നുമായി പുലർച്ചെ മുതൽ തന്നെ ഇവിടേയ്‌ക്ക് ആളുകൾ എത്തിതുടങ്ങിയിരുന്നു.
രണ്ടായിരത്തിലേറെ പേർ ഇവിടെയെത്തി ബലിതർപ്പണം ചെയ്തതായി സമിതി ഭാരവാഹികൾ അറിയിച്ചു. കുളിച്ച് ഈറനായി നിരയായി ഇരുന്ന് നാക്കിലയിൽ ബലിപിണ്ഡവും കറുകയും തുളസിയും ചേർത്തുവച്ചു ആചാര്യൻ ചൊല്ലിക്കൊടുത്ത മന്ത്രങ്ങൾ ഏറ്റുചൊല്ലിയായിരുന്നു ബലിതർപ്പണം. ബലിതർപ്പണത്തിനുശേഷം തിലഹവനവും ഉണ്ടായിരുന്നു.
നാലാം തീയതിയും (ഞായർ) ബലിതർപ്പണം ചെയ്യുന്നതിനുള്ള സൗകര്യം ഗുരുദേവഗിരിയിൽ ഉണ്ട്. രാവിലെ 7.30 ന് ആരംഭിക്കും. ശ്രീനാരായണ മന്ദിരസമിതിയുടെ വീരാർ, സാക്കിനാക്ക, മീരാറോഡ് താനെ ഗുരുസെന്ററുകളിലും ബലിയിടൽ ചടങ്ങ് നടന്നു. ഇവിടെയും ധാരാളം പേർ ബലിയിട്ടു.















