കൊല്ലം: കാറിടിച്ച് വയോധികൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ബിഎസ്എൻഎൽ റിട്ട. ഡിവിഷണൽ എഞ്ചിനീയറായ സി. പാപ്പച്ചനാണ് മരിച്ചത്. മേയ് 26നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞ സംഭവത്തിൽ സ്വകാര്യ ബാങ്കിലെ വനിതാ മാനേജരായ സരിതയെയും ക്വട്ടേഷൻ ഏറ്റെടുത്ത അനിമോനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബാങ്കിൽ പാപ്പച്ചന്റെ പേരിലുണ്ടായിരുന്ന 40 ലക്ഷം രൂപ സരിത തട്ടിയെടുത്തത് വയോധികൻ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതയായ സരിത പാപ്പച്ചനെ കൊലപ്പെടുത്തുന്നതിനായി അനിമോന് ക്വട്ടേഷൻ നൽകി. കുടുംബവുമായി നല്ല ബന്ധത്തിലല്ലാത്ത പാപ്പച്ചൻ മരിച്ചാൽ പണം ചോദിച്ച് ആരുമെത്തില്ല എന്ന് സരിത മനസിലാക്കിയതോടെയാണ് പ്രശ്‌നത്തിന് പരിഹാരം കാണാനെന്ന വ്യാജേന പാപ്പച്ചനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്. കൊല്ലം ആശ്രാമം മൈതാനത്ത് വച്ചായിരുന്നു സംഭവം.
സ്ഥിരമായി സൈക്കിളിൽ യാത്ര ചെയ്യുന്ന പാപ്പച്ചനെ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പാപ്പച്ചന്റെ മരണം അപകട മരണമാണെന്ന നിഗമനത്തിൽ പൊലീസ് കേസ് അവസാനിപ്പിക്കാൻ നിൽക്കുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.