കൊൽക്കത്ത: മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. രാവിലെ കൊൽക്കത്തയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലിരിക്കുകയായിരുന്നു.
1966ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന ബുദ്ധദേബ് 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. 2015ലാണ് സിപിഎം പിബി സ്ഥാനത്ത് നിന്നും കേന്ദ്ര കമ്മറ്റി പദവികളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞത്. 2001, 2006 നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഭരണം നിലനിർത്താൻ ബുദ്ധദേബിന് സാധിച്ചെങ്കിലും 2011ൽ കനത്ത പരാജയം നേരിടേണ്ടി വരികയായിരുന്നു. 2019ന് ശേഷം ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് പൊതു പരിപാടികളിൽ നിന്നും അദ്ദേഹം വിട്ടുനിന്നു.
2006-11 കാലത്താണ് ബുദ്ധദേബ് സർക്കാരിന് ബംഗാളിൽ കാലിടറാൻ തുടങ്ങിയത്. വ്യവസായ ആവശ്യങ്ങൾക്കായി കൃഷി ഭൂമി ഏറ്റെടുത്തത് മുതൽ കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള ജനരോഷം ബംഗാളിൽ ആളിക്കത്തി. നന്ദിഗ്രാമിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടി പൂർണമായി തുടച്ചു നീക്കപ്പെട്ടു. 2011ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് കേവലം 40 സീറ്റുകളിൽ പിന്നീട് ഒതുങ്ങേണ്ടി വന്നു. ജാദവ്പൂരിൽ നിന്ന് മത്സരിച്ച ബുദ്ധദേബ് പരാജയപ്പെടുകയും തൃണമൂൽ കോൺഗ്രസിന്റെ വിജയത്തിന് ഇത് വഴിവയ്‌ക്കുകയും ചെയ്തു.
രണ്ട് പതിറ്റാണ്ടിലേറെ കാലം ബംഗാളിൽ മുഖ്യമന്ത്രി പദവി വഹിക്കാൻ ബുദ്ധദേബിന് സാധിച്ചു. നിരവധി സാഹിത്യ പഠനങ്ങളും അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്.