നാഗ്പൂർ: ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ബുദ്ധവിശ്വാസികൾ ഉൾപ്പെടെയുളള മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ ഭാരത സർക്കാർ സാധ്യമായതെല്ലാം ചെയ്യണമെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ബംഗ്ലദേശിലെ സ്ഥിതിഗതികളെ കുറിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ആർഎസ്എസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
അയൽരാജ്യമെന്ന സൗഹൃദബന്ധം ഉപയോഗിച്ച് ഭാരതസർക്കാർ ഇക്കാര്യത്തിൽ സാധ്യമായ ഇടപെടൽ നടത്തണമെന്നും ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആർഎസ്എസ് അതീവ ആശങ്ക രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
ഹൈന്ദവ സമൂഹത്തിലെ സ്ത്രീകളെ ലക്ഷ്യം വച്ചുളള ഹീനമായ അക്രമവും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുളള കൊലപാതകങ്ങളും കൊളളയും തീവയ്പുമാണ് ഭരണമാറ്റത്തിന് ശേഷം ബംഗ്ലാദേശിൽ നടക്കുന്നതെന്ന് ആർഎസ്എസ് ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങൾക്കെതിരായ അതിക്രമങ്ങൾ ഒരിക്കലും ക്ഷമിക്കാനാകില്ലെന്നും അത്തരം നീക്കങ്ങളെ ശക്തമായി അപലപിക്കുകയാണെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ഉടനടി അവസാനിപ്പിക്കാനും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആർഎസ്എസ് വ്യക്തമാക്കി. അക്രമങ്ങളിലെ ഇരകളുടെ മാനവും ജീവനും വസ്തുവകകളും സംരക്ഷിക്കാൻ സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു.
ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയെ പുറത്താക്കി കലാപകാരികൾ ഭരണം പിടിച്ചതോടെയാണ് രാജ്യം അക്രമത്തിലേക്ക് നീങ്ങിയത്. ഇതിന് പിന്നാലെയാണ് വ്യാപക അക്രമങ്ങൾ ക്ഷേത്രങ്ങൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും നേരെ നടന്നത്. ഇന്നലെയാണ് ഇടക്കാല സർക്കാർ ചുമതലയേറ്റത്. ഇതിന് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശംസാ സന്ദേശത്തിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന അക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു.















