കൊൽക്കത്ത: കൊൽക്കത്തയിലെ ആശുപത്രിയിൽ വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരി. സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ വിദ്യാർത്ഥി സമൂഹം പ്രതിഷേധിക്കണമെന്നും പശ്ചിമ ബംഗാൾ നിയമസഭാ പ്രതിപക്ഷ നേതാവ് അഭ്യർത്ഥിച്ചു. വെള്ളിയാഴ്ച രാവിലെയാണ് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ വനിതാ പിജി ട്രെയിനി ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തിയത്.
“ആർജി കാർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ ട്രെയിനി ഡോക്ടറെ അത്യാഹിത വിഭാഗത്തിന്റെ മൂന്നാം നിലയിലെ സെമിനാർ ഹാളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിൽ കഴുത്തുഞെരിച്ചതിന്റെ ലക്ഷണങ്ങളും മുറിപ്പാടുകളും രക്തക്കറകളുമുണ്ട്. ഇത് ക്രൂരമായ കൊലപാതകത്തിന്റെ തെളിവുകളാണ്, ബലാത്സംഗം നടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഈയൊരു സാഹചര്യത്തിൽ കേസ് ഉടൻ സിബിഐക്ക് കൈമാറണം” സുവേന്ദു അധികാരി എക്‌സിൽ കുറിച്ചു.
പ്രശ്നത്തെ ഗൗരമായി കണ്ട് നടപടികൾ സ്വീകരിക്കുന്നതിന് പകരം സംസ്ഥാന സർക്കാർ 11 അംഗ അന്വേഷണ സമിതിക്ക് രൂപം നൽകുക മാത്രമാണ് ചെയ്തത്. ഇതിൽ ഇന്റേണുകൾ വരെ ഉൾപ്പെടുന്നു എന്നത് വിചിത്രമാണ്. വീഴ്ച മറയ്‌ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബിജെപി നേതാവ് ആരോപിച്ചു. മമത സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ അദ്ദേഹം വിദ്യാർത്ഥി സമൂഹത്തോട് ആഹ്വനം ചെയ്തു. മരണപ്പെട്ട വിദ്യാർത്ഥിനിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും സുവേന്ദു അധികാരി പറഞ്ഞു.