ന്യൂഡൽഹി: ബംഗ്ലാദേശിൽ അവാമി ലീഗ് സർക്കാരിന്റെ പതനത്തിന് ശേഷം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആദ്യ പ്രതികരണം നടത്തിയതായി റിപ്പോർട്ട്. തന്റെ രാജ്യത്ത് ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചതിന് ഉത്തരവാദി അമേരിക്കയാണെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചുവെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെൻ്റ് മാർട്ടിൻ ദ്വീപ് അമേരിക്കയ്‌ക്ക് കൈമാറാത്തതിനാലാണ് തനിക്ക് അധികാരത്തിൽ നിന്ന് പുറത്ത് പോകേണ്ടി വന്നതെന്നും ഷെയ്ഖ് ഹസീന പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹസീനയുടെ പ്രതിനിധികൾ മുഖേന ബംഗ്ലാദേശി മാദ്ധ്യമങ്ങൾക്ക് അയച്ച പ്രതികരണത്തിലാണ് ഇത്തരം ആരോപണങ്ങൾ അടങ്ങുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം റിപ്പോർട്ടിന്റെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ല.
“ശവക്കൂമ്പാരം കാണാതിരിക്കാനാണ് ഞാൻ രാജിവെച്ചത്. സെൻ്റ് മാർട്ടിൻ ദ്വീപിന്റെ പരമാധികാരം അമേരിക്കയ്‌ക്ക് വിട്ടുകൊടുത്തിരുന്നെങ്കിൽ എനിക്ക് അധികാരത്തിൽ തുടരാമായിരുന്നു. തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ വലിയ ഗൂഢാലോചന നടന്നു. ഞാൻ രാജ്യത്ത് തുടർന്നിരുന്നെങ്കിൽ, കൂടുതൽ ജീവനുകൾ നഷ്ടപ്പെടുമായിരുന്നു, കൂടുതൽ വിഭവങ്ങൾ നശിപ്പിക്കപ്പെടുമായിരുന്നു. ഇതിനാലാണ് രാജ്യം വിടുകയെന്ന ബുദ്ധിമുട്ടുള്ള തീരുമാനം എടുത്തത്.
നിങ്ങളായിരുന്നു എന്റെ ശക്തി, നിങ്ങൾ എന്നെ തിരഞ്ഞെടുത്തതുകൊണ്ടാണ് ഞാൻ നിങ്ങളുടെ നേതാവായി മാറിയത്. ബംഗ്ലാദേശിൽ നിന്നും വരുന്ന വാർത്തകൾ എന്റെ ഹൃദയം വേദിനിക്കുകയാണ്. അളളാഹുവിന്റെ കൃപയോടെ ഞാൻ ഉടൻ മടങ്ങിവരും. എന്റെ അച്ഛനും കുടുംബവും ജീവൻ നൽകിയ രാജ്യത്ത് അവാമി ലീഗ് വീണ്ടും തിരിച്ച് വരും”- എന്ന് ഷെയ്ഖ് ഹസീന പറയുന്നു.
സെൻ്റ് മാർട്ടിൻ ദ്വീപ്
ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഒരു ചെറിയ (3 ചതുരശ്ര കിലോമീറ്റർ മാത്രം) ദ്വീപാണ് സെൻ്റ് മാർട്ടിൻ ദ്വീപ്. ബംഗ്ലാദേശിലെ ഏക പവിഴ ദ്വീപാണിത്. കോക്‌സ് ബസാർ-തൻകാഫ് ഉപദ്വീപിന് അറ്റത്ത് നിന്ന് ഏകദേശം 9 കിലോമീറ്റർ തെക്ക് ആണ് ഇതിന്റെ സ്ഥാനം. ലോകത്തിലെവിടെ നിന്നും കടൽ മാർഗം എളുപ്പത്തിൽ എത്തിച്ചേരാവുന്ന തരത്തിലാണ് സെൻ്റ് മാർട്ടിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം. തന്ത്രപ്രധാനമായ വീക്ഷണകോണിൽ നിന്ന് നോക്കിയാൽ, ബംഗാൾ ഉൾക്കടലും ചുറ്റുമുള്ള മുഴുവൻ കടൽ പ്രദേശവും സെൻ്റ് മാർട്ടിൻ ദ്വീപിൽ നിന്ന് നിരീക്ഷിക്കാനാകും.