മുണ്ടക്കൈ: വയനാടിനാവശ്യം ദീർഘകാല പുനരധിവാസ പദ്ധതിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിനായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കൃത്യമായ പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
” ദുരന്തത്തിൽ ഇരയായവരെ പുനരധിവസിപ്പിക്കുന്നതിനായി ആവശ്യമായ എല്ലാ സഹായവും നൽകാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇനി സംസ്ഥാന സർക്കാരാണ് കാര്യങ്ങൾ കൃത്യമായി ചെയ്യേണ്ടത്. ജനങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കൃത്യമായ പദ്ധതി കേരള സർക്കാർ ചെയ്യണം. ശരി തെറ്റുകൾ വിലയിരുത്തേണ്ട സമയമല്ല ഇപ്പോൾ നമുക്ക് മുന്നിലുള്ളത്.”- ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വയനാടിനായി ദീർഘകാല പുനരധിവാസ പദ്ധതിയാണ് ആവശ്യമായുള്ളത്. ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാർ ചെയ്തിട്ടുണ്ട്. ദുരന്തഭൂമിയിലെത്തി സ്ഥിതികൾ വിലയിരുത്തിയാണ് പ്രധാനമന്ത്രി മടങ്ങിയത്. അതിനാൽ വയനാട്ടിനായുള്ള എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.