ബിസിസിഐ വിരിമിച്ച താരങ്ങൾക്കായി ഐപിഎല്ലിന് സമാനമായ ലീഗ് നടത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ദൈനിക് ജാഗരൺ ആണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. മുതിർന്ന ചില താരങ്ങൾ ബിസിസിഐ സെക്രട്ടറി ജയ് ഷായെ കാണുകയും വിരമിച്ച താരങ്ങൾക്കായി ഒരു ലീഗ് നടത്തണമെന്ന ആവശ്യം മുന്നോട്ട് വച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇത് സെക്രട്ടറി അംഗീകരിച്ചെന്നും അടുത്ത വർഷം മുതൽ പുതിയൊരു ലീഗ് ഉണ്ടാകുമെന്നുമാണ് സൂചന. വിരമിച്ച താരങ്ങൾ നിരവധി ലീഗുകളിൽ കളിക്കുന്നുണ്ട്. റോഡ് സേഫ്റ്റി വേൾഡ് സീരിസ്, വേൾഡ് ചാമ്പ്യൻഷിപ്പ് ഒഫ് ലെജന്റ്സ്, ഗ്ലോബൽ ലെജന്റ്സ് ലീഗ് എന്നിവയൊക്കെയാണിത്.
2025-ൽ ബിസിസിഐ ലീഗ് ആരംഭിച്ചാൽ സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, ഇർഫാൻ പത്താൻ, യുവരാജ് സിംഗ്, ഡേവിഡ് വാർണർ, ഹർഭജൻ സിംഗ്, വീരേന്ദർ സെവാഗ്, ക്രിസ് ഗെയ്ൽ, എബി ഡിവില്ലിയേഴ്‌സ് എന്നിവർ പങ്കെടുക്കാൻ സാദ്ധ്യതയുണ്ട്.
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം സച്ചിനും യുവരാജും വ്യത്യസ്ത മത്സരങ്ങളിൽ ഫ്രാഞ്ചൈസികളെ നയിച്ചിട്ടുണ്ട്. ഹർഭജൻ സിംഗ് , ഇർഫാൻ പത്താൻ, സുരേഷ് റെയ്ന, യൂസഫ് പത്താൻ, റോബിൻ ഉത്തപ്പ തുടങ്ങിയവരും ടി20 ലീഗുകൾക്ക് കളിക്കുന്നുമുണ്ട്.