കൊൽക്കത്ത: ബംഗാളിൽ ജൂനിയർ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് സിബിഐയ്‌ക്ക് വിട്ട് കൊൽക്കത്താ ഹൈക്കോടതി. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് യുവതിയുടെ മാതാപിതാക്കൾ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതോടെ കേസ് വീണ്ടും പരിഗണിച്ച കോടതി അന്വേഷണം സിബിഐയ്‌ക്ക് കൈമാറുകയായിരുന്നു. ജൂനിയർ വനിതാ ഡോക്ടർ നേരിട്ടത് അതിക്രൂരമായ പീഡനമാണെന്നും കേസിൽ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചില്ലെന്നും തൃണമൂൽ സർക്കാരിനെ വിമർച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു.
കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കൾക്ക് പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ല. ആർജി കാർ കോളേജ് പ്രിൻസിപ്പലായിരുന്ന സന്ദീപ് ഘോഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല. ഇത് രേഖപ്പെടുത്തേണ്ടതായിരുന്നു. പ്രിൻസിപ്പലിന്റെ ഭാഗത്ത് നിന്ന് ഒരു പരാതിയും ലഭിച്ചിട്ടില്ല. കേസ് ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിക്കുന്നതായി സംശയിക്കേണ്ടിരിക്കുന്നുവെന്നും അതിനാൽ കേസ് സിബിഐക്ക് വിട്ടതായും കോടതി വ്യക്തമാക്കി.
പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്‌തെങ്കിലും മറ്റൊരു കോളേജിൽ അദ്ദേഹത്തെ പുനർനിയമിച്ചു. ഇത് ചോദ്യം ചെയ്തും മമത സർക്കാരിനെ രൂക്ഷമായി കോടതി വിമർശിച്ചിരുന്നു. സന്ദീപ് ഘോഷ് രാജി വെക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കേസ് സിബിഐക്ക് കൊൽക്കത്ത ഹൈക്കോടതി കൈമാറിയത്.
യുവതി നേരിട്ടത് കൊടിയ മർദ്ദനവും ലൈംഗികാതിക്രമവുമാണ്. എന്നാൽ കോളേജ് പ്രിൻസിപ്പൽ ഇതിനെതിരെ പൊലീസിൽ പരാതി നൽകാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. പൊലീസ് ഇതുവരെ അന്വേഷിച്ച് കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ റിപ്പോർട്ടുകളും സിബിഐക്ക് കൈമാറണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആർജി കാർ മെഡിക്കൽ കോളേജിന്റെ സെമിനാർ ഹാളിലാണ് ജൂനിയർ വനിതാ ഡോക്ടറുടെ അർദ്ധനഗ്ന മൃതദേഹം കണ്ടത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അതിക്രൂരമായി യുവതിയെ പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ സഞ്ജയ് റോയ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ മൃതദേഹത്തിന് പക്കൽ നിന്ന് ലഭിച്ച ബ്ലൂടൂത്ത് മാത്രമാണ് ഇയാളിലേക്കെത്തിച്ചേരാൻ പൊലീസിന് സഹായകമായതെന്ന് ആരോപിച്ച് ഡോക്ടർമാരുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധം ഉയരുകയാണ്.